‘കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ കേന്ദ്രമന്ത്രി ശ്രമിച്ചു, ഞങ്ങള്‍ പ്രതികരണങ്ങളില്‍ പക്വത കാട്ടി’; യുഡിഎഫ് നേതാക്കള്‍

കളമശേരി സംഭവത്തില്‍ ഇന്റലിജന്‍സ് വീഴ്ച ഉണ്ടായെന്ന വിമര്‍ശനം പ്രതിപക്ഷം മുന്നോട്ടുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വീഴ്ചയുണ്ടായെന്നല്ല പറയുന്നതെന്നും ഇനി ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ ഇന്റലിജന്‍സ് കുറച്ചുകൂടി ശക്തിപ്പെടണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ബോംബാക്രമണത്തിനെതിരെ പൊതുവേ കേരളം ഒരുമിച്ച് തീരുമാനമെടുത്തപ്പോള്‍ ദൗര്‍ഭാഗ്യകരമായ പ്രസ്താവന ചിലരുടെ ഭാഗത്തുനിന്നുണ്ടായി. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയുടെ നേതാവ് തന്നെ സംഭവത്തെ പലസ്തീനുമായി ബന്ധപ്പെടുത്തി. കേന്ദ്രമന്ത്രി തന്നെ സംസ്ഥാനത്തിന് അധിക്ഷേപകരമായ പരാമര്‍ശം നടത്തി. പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടേ എന്ന ഉത്തരവാദിത്തമുള്ള പരാമര്‍ശമാണ് ഞങ്ങള്‍ നടത്തിയത്. ഒരു തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നായിരുന്നു പ്രതിപക്ഷമെടുത്ത നിലപാടെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (V D Satheeshan and P K Kunhalikkutty on Kalamassery blast)
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നോക്കുന്ന ഒരു സമീപനം കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും കുറ്റപ്പെടുത്തി. ഇത്തരമൊരു സംഭവം നടക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള പ്രസ്താവനകള്‍ മാത്രം നടത്തുക എന്ന ഒരു നിലവാരത്തിലേക്ക് നമ്മള്‍ ഉയരുകയാണ് വേണ്ടതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു. സംസ്ഥാനത്തെ ഇത്തരം സംഭവങ്ങള്‍ ഏത് വിധത്തിലാണ് മുള്‍മുനയില്‍ നിര്‍ത്തുകയെന്ന് ഇന്നലെ മനസിലായി. മുഖ്യധാരാ മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെയാണ് പ്രതികരിച്ചതെങ്കിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും ജാഗ്രത പുലര്‍ത്തണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വരെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചു ഇത് നല്ല പ്രവണതയല്ല. കേരളം ഇതിനെതിരെ ഒറ്റക്കെട്ടായി നിന്നത് നന്നായെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സംഭവത്തില്‍ ഇനിയും സമഗ്രമായ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും നേതാക്കള്‍ വ്യക്തമാക്കി.
Story Highlights: V D Satheeshan and P K Kunhalikkutty on Kalamassery blast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here