പലസ്തീൻ അനുകൂല റാലിയിൽ ലീഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ; പി മോഹനൻ ട്വന്റിഫോറിനോട്

സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചതിൽ പ്രതികരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ലീഗ് സിപിഐഎം റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പി മോഹനൻ ട്വന്റിഫോറിനോട് പറഞ്ഞു.
റാലിയിലേക്കുള്ള ക്ഷണത്തിൽ പോസിറ്റീവായാണ് ലീഗ് പ്രതികരിച്ചത്. പി എം എ സലാമും തുറന്ന മനസോടെ പ്രതികരിക്കുകയുണ്ടായി. കോൺഗ്രസ് പലസ്തീൻ വിരുദ്ധ നിലപാടിൽ ആണെന്ന് ശശി തരൂരിന്റെ വാക്കുകളിലൂടെ വ്യക്തമായി. ആര്യാടന്റെ പലസ്തീൻ ഐക്യ ദാർഢ്യ റാലിക്കു കെപിസിസി വിലക്കു ഏർപ്പെടുത്തിയത് പലസ്തീൻ വിരുദ്ധ നിലപാടിന്റെ തെളിവാണ്. വിഷയത്തിൽ കോൺഗ്രസിനകത്ത് നിന്നും പ്രതിഷേധമുയരും. സിപിഐഎം റാലിയിൽ കോൺഗ്രസ്‌കാരും എത്തും. റാലിയിലേക്ക് ആര്യാടൻ ഷൗക്കത്തിനെ ക്ഷണിക്കുന്ന കാര്യം നിലപാട് നോക്കി തീരുമാനിക്കുമെന്നും പി മോഹനൻ പറഞ്ഞു.
സിപിഐഎമ്മിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ട്വന്റഫോറിനോട് പറഞ്ഞു.
പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്. എന്നാൽ സിപിഐഎം പരിപാടിയിലേക്ക് പോകാൻ ലീഗ് താത്പര്യം പ്രകടിപ്പിച്ചത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കേണ്ടതുണ്ടോ എന്ന രൂക്ഷപരിഹാസം ഉയർത്തിയാണ് വിഷയത്തോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചിരുന്നത്.
Story Highlights: Muslim League expected to participate in CPIM Palestine rally P Mohanan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here