കേരളീയത്തിൽ ആദിവാസി, ഗോത്ര വിഭാഗങ്ങളെ പച്ചയായി അപമാനിച്ചു; കെ. സുരേന്ദ്രൻ

കേരളീയം പരിപാടി അവസാനിക്കുമ്പോൾ അവിടെ നടന്നത് കേരളത്തിന് അപമാനകരമാകുന്ന കാര്യങ്ങളാണെന്ന് മനസിലാവുമെന്നും ആദിവാസി, ഗോത്ര വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന സംഭവമാണ് കേരളീയത്തിലുണ്ടായതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൻ്റെ യശസ് ലോകത്തിന് മുന്നിൽ അപമാനിക്കപ്പെട്ടു. വികൃതമായ രീതിയിൽ അവരെ വേഷം കെട്ടിച്ച് പരസ്യമായി പൊതുസമൂഹത്തിൽ അപമാനിച്ചു. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘാടകർ ആദിവാസി സമൂഹത്തോട് മാപ്പ് പറയണം. പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇതുവരെ പ്രമുഖരായ വ്യക്തികളെയൊന്നും കേരളീയത്തിൽ കണ്ടില്ല.
നിക്ഷേപം ഉണ്ടാകുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങൾ വരുന്ന രീതിയിലുള്ള ഇടപെടലുകളും കേരളീയത്തിൽ ഉണ്ടായിട്ടില്ല.
മാനവീയം വീഥിയിൽ ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണ് നേരിടേണ്ടി വന്നത്. മയക്കുമരുന്ന് സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും അവിടെ ഏറ്റുമുട്ടി. കേരളീയത്തിലൂടെ അവർക്ക് ലൈസൻസ് കിട്ടിയ അവസ്ഥയാണ്.
അവിടെ വിഹരിക്കാനുള്ള അവസരം അവർക്ക് നൽകുന്ന സാഹചര്യമുണ്ടായി.
കേരളീയം ധൂർത്താണ്. പൈസ പിരിക്കാൻ ആർക്കാണ് അധികാരം കൊടുത്തത്. ആറ്റുകാൽ പൊങ്കാലയിൽ ലക്ഷക്കണക്കിന് രൂപ എഴുതിയെടുത്ത തിരുവനന്തപുരം മേയർക്കാണ് ചുമതല നൽകിയത്. സർക്കാർ ഖജനാവ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കൊള്ള നടത്തുക എന്നതാണ് കേരളീയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
കേരളീയത്തിന്റെ ഭാഗമായുള്ള പ്രദർശന പരിപാടിയിൽ ആദിവാസി വിഭാഗത്തെ ചിത്രീകരിച്ചത് സംബന്ധിച്ചുള്ള വിമർശനം ശ്രദ്ധയിൽപ്പെട്ടെന്നും ഇതിൽ പരിശോധന നടത്തുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ വികസന വകുപ്പ് ഇത്തരത്തിലുള്ള ഒരു പ്രദർശനവും നടത്തുന്നില്ല. അത്തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങൾ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് ഉചിതമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തലസ്ഥാന നഗരിയിൽ കേരളത്തിന്റെ അഭിമാനമായി ഇടത് ഗവൺമെന്റ് സംഘടിപ്പിക്കുന്ന കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഇന്നലെ പ്രതികരിച്ചത്. കേരളീയത്തിൻ്റെ ഭാഗമായി കേരള ഫോക്ക്ലോർ അക്കാഡമി ആദിമം എന്ന പേരിൽ കനകക്കുന്നിലാണ് ലിവിങ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
Story Highlights: tribal groups insulted in Keraleeyam; K. Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here