‘ഗവർണർമാർ തീകൊണ്ട് കളിക്കരുത്, ഇങ്ങനെയാണെങ്കിൽ ജനാധിപത്യം എങ്ങനെ മുന്നോട്ടുപോകും?’; സുപ്രീം കോടതി

ഗവർണർമാർ തീകൊണ്ട് കളിക്കരുതെന്ന് സുപ്രീം കോടതി. ഗവർണർമാർ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണം. ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.
നിയമസഭ പാസാക്കിയ ബില്ലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ശരിയല്ല. ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവെക്കാൻ ഗവർണർക്ക് കഴിയില്ല. ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യവും സർക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. രാജ്യത്ത് സ്ഥാപിതമായ നിഷ്ഠകളും സമ്പ്രദായങ്ങളുമുണ്ട്. അവ എല്ലാരും പിന്തുടരേണ്ടതുണ്ടെന്നും കോടതി ഓർമിപ്പിച്ചു.
എന്നാൽ ചട്ടപ്രകാരമല്ല പഞ്ചാബ് സർക്കാർ നിയമസഭ വിളിച്ചു ചേർത്തതെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവര്‍ണര്‍മാര്‍ക്കെങ്ങനെ വിധി പറയാന്‍ കഴിയുമെന്നും സുപ്രീംകോടതി മറുചോദ്യം ഉന്നയിച്ചു. പഞ്ചാബ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. സഭാസമ്മേളനം ചേരാത്തതിലാണ് പഞ്ചാബ് സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിച്ചത്.
Story Highlights: ‘you are playing with fire’ Supreme Court pulls up Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here