‘നാമം’ എക്സലൻസ് പുരസ്‌കാരം പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ.ജേക്കബ് ഈപ്പന്

ആതുര സേവനത്തിനുള്ള ‘നാമം’ (NAMAM) എക്സലൻസ് പുരസ്‌കാരം പ്രശസ്ത ശിശുരോഗവിദഗ്ധൻ ഡോ.ജേക്കബ് ഈപ്പന്. കേരള സർക്കാരിന്റെ ആരോഗ്യ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടിട്ടുള്ള ഡോ. ജേക്കബ് നിലവിൽ കേരള ഫെഡറേഷൻ റീജിയണൽ വൈസ് പ്രസിഡന്റ്, ജിഐസി (ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ) ആരോഗ്യ സമിതി അധ്യക്ഷൻ, ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ( famuos pediatrician dr jacob eapen bags namam excellence award )
കാലിഫോർണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനങ്ങളിലൊന്നായ അലമേഡ ഹെൽത്ത് സിസ്റ്റത്തിന്റെ മെഡിക്കൽ ഡയറക്ടറായി വിരമിച്ച വ്യക്തിയാണ് ഡോ.ജേക്കബ് ഈപ്പൻ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോ. ജേക്കബ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, സിഎംസി ലുധിയാന എന്നിവിടങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ടാൻസാനിയയിലെ ഡാർ-എസ്-സലാമിലെ ആഗാ ഖാൻ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ആയി ജോലി ചെയ്തു.
നോർത്തേൺ കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാഷിംഗ്ടൺ ഹോസ്പിറ്റൽ ഹെൽത്ത് കെയർ സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് പൊതുതെരഞ്ഞെടുപ്പിൽ 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ആദ്യ ഇന്ത്യക്കാരനാണ്. ലോകമെമ്പാടുമായി നിരവധി മാധ്യമ സെമിനാറുകളിലും മറ്റും സംസാരിച്ചിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പബ്ലിക് ഹെൽത്ത് കൺസൾട്ടന്റാണ്.
കാലിഫോർണിയയിലെ സ്റ്റേറ്റ് ഹെൽത്ത് കെയർ ബോർഡിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ.ജേക്കബ് ഈപ്പൻ എലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ, കാലിഫോർണിയ മെഡിക്കൽ ബോർഡിന്റെ ഫിസിഷ്യൻ റെക്കഗ്‌നിഷൻ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
Story Highlights: famuos pediatrician dr jacob eapen bags namam excellence award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here