ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം; വിനീഷ്യസ് ജൂനിയർ കളിക്കില്ല

അർജന്റീനയ്‌ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിനീഷ്യസ് ജൂനിയർ കളിക്കില്ല. ഇടത് തുടയ്ക്ക് പരിക്കേറ്റ താരത്തിന് മത്സരം നഷ്ടമാകുമെന്ന് ടീം അധികൃതർ അറിയിച്ചു. നവംബർ 22 നാണ് അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം.
23 കാരനായ റയൽ മാഡ്രിഡ് താരത്തിൻ്റെ ഇടത് തുടയുടെ പേശികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 2022 ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീനയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയതായും പ്രസ്താവനയിൽ പറയുന്നു.
കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് വിനീഷ്യസിന് പരിക്കേറ്റത്. ബ്രസീൽ ഒരു ഗോളിന് മുന്നിൽ നിൽക്കുമ്പോഴാണ് താരം കളം വിട്ടത്. മത്സരത്തിൽ ബ്രസീൽ 2-1 ന് തോൽവി ഏറ്റുവാങ്ങി. ഓഗസ്റ്റ് അവസാനം റയൽ മാഡ്രിഡിനായുള്ള ഒരു ലീഗ് മത്സരത്തിൽ വലത് തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ബ്രസീലിയൻ താരത്തിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
Story Highlights: Vinicius Jr To Miss Brazil’s World Cup Qualifier vs Argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here