അധ്യയനത്തെ തടസപ്പെടുത്തുന്ന നടപടി; നവകേരള സദസിന് സ്‌കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവിന് സ്റ്റേ
നവകേരള സദസിനായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സംഘാടക സമിതി ആവശ്യപ്പെട്ടാൽ സ്‌കൂൾ ബസുകൾ നൽകണമെന്ന ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കോടതിയുടെ അനുമതിയില്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഉത്തരവ് അധ്യയനത്തെ തടസപ്പെടുത്തുന്ന നടപടിയെന്ന ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നബംവർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിൻറെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ട് നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. കാസർകോട് സ്വദേശിയായ രക്ഷിതാവാണ് സർക്കുലർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. പ്രവർത്തി ദിവസം ബസ് വിട്ടുനൽകാനള്ള നിർദേശം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്കർഷിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.
Story Highlights: High Court freez the Director of Public Education’s order to release school bus for Navakerala Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here