യുപിയിൽ അതിജീവിതയെ ബലാത്സംഗക്കേസ് പ്രതി നടുറോഡിൽ വെട്ടിക്കൊന്നു

ഉത്തർപ്രദേശിൽ അതിജീവിതയെ നടുറോഡിൽ വെട്ടിക്കൊന്നു. ബലാത്സംഗക്കേസിലെ പ്രതിയാണ് 19 കാരിയെ വെട്ടിക്കൊന്നത്. കേസിൽ അറസ്റ്റിലായ പ്രതി അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് എസ്.പി അറിയിച്ചു.
കൗശാംബി ജില്ലയിലെ മഹെവാഘട്ടിനടുത്തുള്ള ധേർഹ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വയലിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടിയും കുടുംബവും. വഴിയിൽ മാരകായുധങ്ങളുമായി കാത്തുനിന്ന രണ്ടുപേർ ഇവരെ ആക്രമിക്കുകയായിരുന്നു. നടുറോഡിൽ ആളുകൾ നോക്കി നിൽക്കെ ഇവർ പെൺകുട്ടിയെ കോടാലി കൊണ്ട് വെട്ടി. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
3 വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും സഹോദരനുമാണ് ആക്രമണത്തിന് പിന്നിൽ. അശോക്, പവൻ നിഷാദ് എന്നിവർ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിൽ പവൻ നിഷാദാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights: Teen Rape Survivor Chased; Hacked To Death By Accused His Brother In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here