ടി20 ലോകകപ്പ്: ഇന്ത്യയുടെ ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഗൗതം ഗംഭീർ

2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ക്യാപ്റ്റനെ തെരഞ്ഞെടുത്ത് മുൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ തന്നെ ടീമിനെ നയിക്കണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. നേരത്തെ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയിൽ രോഹിത്തിന്റെ ക്യാപ്റ്റൻസിയെ ഗംഭീർ വിമർശിച്ചിരുന്നു.
വെസ്റ്റ് ഇൻഡീസും അമേരിക്കയും സംയുക്തമായാണ് ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. ഏകദിന ലോകകപ്പ് തോൽവിയുടെ ക്ഷീണം മറികടക്കാനുള്ള ഇന്ത്യയുടെ അവസരം കൂടിയാണിത്. നിലവിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടി20യിൽ ടീമിന്റെ നായകൻ. പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതും.
എന്നിരുന്നാലും, 2024ലെ ടി20 ലോകകപ്പ് ഹാർദിക്കിന് പകരം രോഹിത് നയിക്കണമെന്നാണ് ഗംഭീറിന്റെ ആഗ്രഹം. രോഹിതിനെയും വിരാട് കോലിയെയും ടി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്നും ഗംഭീർ കൂട്ടിച്ചേർത്തു. സ്‌പോർട്സ് കീഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ തൻ്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
“തീർച്ചയായും കോലിയെയും രോഹിതിനെയും തെരഞ്ഞെടുക്കണം. അതിലും പ്രധാനമായി, ടി20 ലോകകപ്പിൽ രോഹിത് ശർമയെ ക്യാപ്റ്റൻ ആയി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതെ, ഹാർദിക് പാണ്ഡ്യ ടി20യിൽ ക്യാപ്റ്റനായിരുന്നു, പക്ഷേ എങ്കിലും ടി20 ലോകകപ്പിൽ രോഹിത് ശർമ്മയെ ക്യാപ്റ്റനായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു”- ഗൗതം ഗംഭീർ പറഞ്ഞു. രോഹിത് ടി20 ലോകകപ്പ് കളിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അദ്ദേഹത്തെ ക്യാപ്റ്റനായി തന്നെ തെരഞ്ഞെടുക്കണം, ഒരു ബാറ്ററായിട്ടല്ല-അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Gautam Gambhir Picks India’s Captain For T20 World Cup 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here