കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. അഭിഭാഷകന്റെ പരാതിയിൽ കേസെടുക്കില്ല എന്ന് പൊലീസ് അറിയിച്ചു. പരാതിയിൽ കേസെടുക്കാൻ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചിട്ടുണ്ട്. സുപ്രിം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ഇമെയിലിലൂടെയാണ് വിസിക്കെതിരെ പരാതി നൽകിയത്. (case cusat vc police)
വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് അഭിഭാഷകൻ്റെ ആവശ്യം. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയിൽ പറയുന്നു.
കുസാറ്റ് ദുരന്തത്തിൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. അപകട സമയത്തെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കയ്യിൽ നിന്ന് ശേഖരിക്കാനാണ് നീക്കം. സംഘാടകർ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് എന്തുകൊണ്ട് എന്നും പരിശോധിക്കും. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അപകടത്തിൽ പൊലിഞ്ഞ സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 10.30നാണ് സംസ്കാരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 ഓടെയാണ് കൊച്ചിയിൽ നിന്ന് മൃതദേഹം താമരശ്ശേരിയിൽ എത്തിച്ചത്.
Read Also: കുസാറ്റിലെ അപകടത്തിൽ മരിച്ച സാറ തോമസിൻ്റെ സംസ്കാരം ഇന്ന് നടക്കും
സാറ പഠിച്ച അൽഫോൻസ ഹയർ സെക്കൻഡറി സ്കൂളിലും വീട്ടിലും പൊതുദർശനമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേരിട്ട് എത്തി സാറയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. കോരങ്ങാട് സ്വദേശികളായ തോമസ് – കൊച്ചുറാണി ദമ്പതികളുടെ മകളാണ് സാറ തോമസ്.
കുസാറ്റിലെ അപകടത്തിന് പിന്നാലെ പരിപാടി നടന്ന ഓഡിറ്റോറിയത്തിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അശാസ്ത്രീയമായ ഓഡിറ്റോറിയത്തിന്റെ ഘടനാരീതി അപകടത്തിന്റെ വ്യാപ്തി വർദ്ധിപിച്ചു എന്നാണ് ആരോപണം. നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശത്താണ് ഓഡിറ്റോറിയം സ്ഥിചെയുന്നത്. 800 അധികം ആളുകളെ ഉൾകൊള്ളവുന്ന വിസ്തീർണം. അകത്തേക്ക് പ്രവേശിക്കാൻ മൂന്ന് ഗേറ്റുകളാണ് ഉള്ളത്. പ്രധാന കാവടത്തിൽ നിന്നും 10 സ്റ്റെപ്പുകൾ ഇറങ്ങിവേണം വേദിയിലേക്ക് എത്താൻ.
ഓഡിറ്റോറിയത്തിന്റെ ഗേറ്റുകൾ ഒരിയ്ക്കലും അകത്തേയ്ക്കു തുറക്കരുത് എന്നാണ് നാഷണൽ ബിൽഡിംഗ് കോഡ്. ഗേറ്റിൽ തന്നെ പടി വെയ്ക്കാൻ പാടില്ലെന്നും പറയുന്നു. ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് കുസാറ്റിലെ ഓഡിറ്റോറിയത്തിന്റെ രൂപ കൽപന.
കുസാറ്റിലെ സംഗീത നിശയുടെ വിവരം അറിയിച്ചിട്ടില്ലെന്നും പൊലീസിൻ്റെ അനുമതി വാങ്ങിയിരുന്നില്ല എന്നുമാണ് ഡിസിപി കെ സുദർശൻ പറയുന്നത്. എന്നാൽ, പൊലീസിനോട് കാര്യം വാക്കാൽ പറഞ്ഞിരുന്നു എന്ന് വൈസ് ചാൻസിലർ പിജി ശങ്കരൻ അറിയിക്കുന്നു. ഓദ്യോഗികമായി അറിയിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: case cusat vc police response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here