ഭക്തിയുടെ നിറവിൽ ചക്കുളത്ത് കാവിൽ പൊങ്കാല നേദിച്ച് ആയിരങ്ങൾ

ഭക്തിയുടെ നിറവിൽ ചക്കുളത്ത് കാവിൽ പൊങ്കാല നേദിച്ച് ആയിരങ്ങൾ. ക്ഷേത്രത്തിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിറഞ്ഞു. ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ അഗ്നി പകർന്നതോടെ ദേവി മന്ത്രങ്ങളുയർന്ന അന്തരീക്ഷത്തിൽ ഭക്തർ പൊങ്കാലയർപ്പിച്ചു.
ചക്കുളത്ത്കാവിൽ ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാല അർപ്പിക്കാനെത്തിയത്. രാവിലെ വിളിച്ചുചൊല്ലി പ്രാർത്ഥനയോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് കൊളുത്തിയ തിരിയിൽ നിന്ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു.
ക്ഷേത്രത്തിന് 60 കിലോമീറ്റർ ചുറ്റളവിൽ MC റോഡിലും തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലും പൊങ്കാല അടുപ്പുകൾ നിറഞ്ഞു.
11.30 യോടെ പൊങ്കാല നിവേദ്യ ചടങ്ങുകൾ നടന്നു. 500 ൽ അധികം വേദ പണ്ഡിതൻമ്മാരുടെ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവിതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിച്ചു.
ക്ഷേത്രത്തിലെത്തിയ ഭക്തരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി 1000 ത്തോളം പൊലീസുകാരെയും മൂവായിരത്തോളം വാളണ്ടിയർമാരെയുമാണ് നിയോഗിച്ചിരുന്നത്. ഹരിത ചട്ടങ്ങൾ പാലിച്ചായിരുന്നു ഇത്തവണയും പൊങ്കാല നടത്തിയത്.
Story Highlights: chakkulathukavu pongala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here