Advertisement

മുഖ്യമന്ത്രിയ്ക്ക് തങ്ങള്‍ പലസ്തീനൊപ്പമാണെന്ന് പറയാനാകുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികമൂല്യങ്ങളുടെ പ്രതിഫലനം: വനൂരി കഹിയു

December 12, 2023
2 minutes Read
Vanuri Kahiyu praises Kerala government

സമാധാനവും സ്‌നേഹവും ഒത്തൊരുമയും ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സംസ്‌കാരമാണ് കേരളത്തിന്റേതെന്നും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് കേരളത്തിന്റെ കരുത്തെന്നും കെനിയന്‍ സംവിധായികയും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാര ജേതാവുമായ വനൂരി കഹിയു. പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ‘കേരളം എന്ന മാനവികത’ ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. (vanuri kahiyu praises Kerala government)

ആഫ്രിക്കയില്‍ ഒത്തൊരുമ എന്നര്‍ത്ഥം വരുന്ന വാക്കാണ് ഉമോജ. കേരളം എന്ന അനുഭവം എനിക്ക് ഉമോജ എന്ന വാക്കുമായാണ് ചേര്‍ത്തുവയ്ക്കാനാകുന്നത്. കെനിയയും കേരളവും കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ദീര്‍ഘമായ ചരിത്രമുള്ള നാടുകളാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കേരളം പാലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് നിസ്സംശയം പറയാനാകുന്നുവെന്നത് കേരളമുയര്‍ത്തിപ്പിടിക്കുന്ന മാനവികമൂല്യങ്ങളുടെ പ്രതിഫലനമാണെന്നും കഹിയു അഭിപ്രായപ്പെട്ടു.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

നിരന്തരം ചര്‍ച്ചകള്‍ ചെയ്യുന്ന കൂട്ടങ്ങളുണ്ടാവുക എന്നത് പ്രധാനമാണെന്നും കേരളത്തില്‍ അത്തരമൊരു അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യാതിഥിയായ സംവിധായകന്‍ ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് കെ ജി സൂരജ് അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന സെക്രട്ടറിമാരായ എ ജി ഒലീന, പി എന്‍ സരസമ്മ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി അശോകന്‍, വിനോദ് വൈശാഖി, കെ ജി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എസ് രാഹുല്‍ സ്വാഗതവും ജോ സെക്രട്ടറി ദീപു കരകുളം നന്ദിയും പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രംവരയില്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍, രാജേഷ് ചിറപ്പാട്, ശ്രീകല, നിഷി, ജെ ബി ജസ്റ്റിന്‍, അരവിന്ദ് സൂരി തുടങ്ങിയവര്‍ പങ്കെടുത്തു. തങ്കമണി സാമുവല്‍, വത്സല നാരായണന്‍, സജ്‌ന സജീര്‍, ഗണപതി കൃഷ്ണന്‍ എന്നിവര്‍ പാട്ടുകള്‍ പാടി. കേരളത്തിന്റെ കലയും സംസ്‌കാരവും നവോത്ഥാന, സാമൂഹ്യ മുന്നേറ്റചരിത്രവും പ്രതിഫലിപ്പിക്കുന്ന കലാവിഷ്‌കാരങ്ങളും സംവാദങ്ങളും ക്യാമ്പയിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും സംഘടിപ്പിക്കും.

Story Highlights: Vanuri Kahiyu praises Kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top