തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് മികച്ച നേട്ടം

33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച നേട്ടം. 17 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. നാലിടങ്ങളിൽ ബിജെപിയും മറ്റുള്ളവർ രണ്ടിടത്തും വിജയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടന്ന 33 ഇടങ്ങളിൽ 13 ൽ നിന്നാണ് യുഡിഎഫ് 17 സീറ്റായി വർധിപ്പിച്ചത്. എൽഡിഎഫിനും ബിജെപിക്കും രണ്ട് സീറ്റുകൾ കുറഞ്ഞു. എൽഡിഎഫ് 12 ൽ നിന്ന് പത്തിലേക്ക് ചുരുങ്ങി. ബിജെപി ആറിടത്തുനിന്ന് നാലിലേക്കൊതുങ്ങി. ആം ആദ്മി പാർട്ടി ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിൽ വിജയിച്ചു.
യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ആം ആദ്മി പാർട്ടി പിടിച്ചെടുത്തത്. എസ്ഡിപിഐ ഒരിടത്ത് വിജയിച്ചു. 24 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ പതിനാലിടത്താണ് യുഡിഎഫ് വിജയിച്ചത്. 12 ൽ നിന്നാണ് യുഡിഎഫിൻ്റെ നേട്ടം. നേരത്തേ 8 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8 സീറ്റ് ഇത്തവണയും നേടാനായി. മൂന്നിൽ നിന്ന് ബിജെപി ഒന്നായി ചുരുങ്ങി.
ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന യുഡിഎഫ് മൂന്നായി ഉയർത്തി. മൂന്നിൽ നിന്ന് എൽഡിഎഫ് ഒന്നായി ചുരുങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിൽ യുഡിഎഫ് അട്ടിമറി വിജയം നേടിയതാണ് എൽഡിഎഫിന് തിരിച്ചടിയായത്. ബിജെപി ഒരു സീറ്റ് നിലനിർത്തി. നഗരസഭകളിൽ തൽസ്ഥിതി തുടർന്നു.
ബിജെപിയുടെ കയ്യിലുണ്ടായിരുന്ന രണ്ട് സീറ്റുകൾ ബിജെപിയും എസ്ഡിപിഐ ഒരു സീറ്റും നിലനിർത്തി. ജില്ലാ പഞ്ചായത്തിൽ മത്സരം നടന്ന പാലക്കാട് വാണിയംകുളത്ത് വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തി.
Story Highlights: Local by-elections: UDF wins big
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here