ബ്രിജ് ഭൂഷൻ്റെ പിടി അയയുമോ?

നീണ്ട കാത്തിരിപ്പ് കഴിഞ്ഞു. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് 21 ന് ന്യൂഡൽഹിയിൽ ഒളിംപിക് ഭവനിൽ നടക്കും. അന്നു തന്നെ ഫലവും പ്രഖ്യാപിക്കും. പക്ഷേ, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ ഫയൽ ചെയ്തിതിരിക്കുന്ന റിട്ട് പെറ്റീഷനിലെ വിധിക്ക് വിധേയമായിരിക്കും ഫലം. ചുരുക്കി പ്പറഞ്ഞാൽ ഡബ്ളിയു.എഫ്.ഐ.പ്രവർത്തനം തുടങ്ങാൻ വൈകും.കോടതി ഇടപെടൽ രാജ്യാന്തര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിങ്ങിന് സ്വീകാര്യമല്ലെങ്കിൽ പ്രശ്നം നീളും.ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ നിന്ന് സ്വർണം ഇല്ലാതെ ( ഒരു വെള്ളിയും അഞ്ചു വെങ്കലവും ) മടങ്ങിയ ഇന്ത്യയുടെ ഗുസ്തി താരങ്ങൾക്ക് പാരിസ് ഒളിംപിക്സിൽ ആത്മവിശ്വാസത്തോടെ മത്സരിക്കുവാൻ കഴിയുമോ?
പക്ഷേ, തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബ്രിജ് ഭൂഷൻ്റെ പിടി അയയുമോയെന്നതാണ് പ്രസക്തമായ ചോദ്യം. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ സ്റ്റേ സുപ്രീം കോടതി നീക്കിയതിനു പിന്നാലെ ബജ്റങ് പൂനിയയും സാക്ഷി മാലിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുറിനെ കണ്ട് തിരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷൻ്റെ ബന്ധുക്കൾ മൽസരിക്കാതിരിക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ചു. ബ്രിജ് ഭൂഷൻ്റെ കുടുംബക്കാർ മാറി നിന്നാലും കേരളം ഉൾപ്പെടെ പല സംസ്ഥാന അസോസിയേഷനുകളും അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിലാണ് എന്ന് ഓർക്കണം.
കഴിഞ്ഞ മേയ് ഏഴിന് തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. മൂന്നു ഘട്ടങ്ങൾ പൂർത്തിയാക്കിയ ബ്രിജ്ഭൂഷന് ഇത്തവണ മൽസരിക്കാനാവില്ല.കൂൾ ഓഫ് കാലാവധി കഴിയുമ്പോൾ എഴുപതു വയസാകും. അതിനാൽ തിരിച്ചു വരവും സാധിക്കില്ല. പക്ഷേ, ഇതു മുൻകൂട്ടിക്കണ്ട് പിൻസീറ്റ് ഡ്രൈവിങ്ങിന് കരുക്കൾ നീക്കി.യു.പി. അസോസിയേഷൻ സാരഥിയായ മകൻ കരൺ ഭൂഷനെ പ്രസിഡൻ്റ് ആക്കാനാണ് ബ്രിജ്ഭൂഷൻ ശ്രമിച്ചത്. ബിഹാർ അസോസിയേഷൻ്റെ തലപ്പത്ത് മരുമകൻ ആദിത്യ പ്രതാപ് സിങ് ഉണ്ട്. മറ്റൊരു മരുമകൻ വിശാൽ സിങ്ങും സംഘടനയിൽ ഉണ്ട്.
ബ്രിജ്ഭൂഷനെ എതിർത്ത ഹരിയാന, മഹാരാഷ്ട്ര ,തെലങ്കാന, ഹിമാചൽ, കർണാടക, രാജസ്ഥാൻ ഘടകങ്ങളെ അയോഗ്യരാക്കിയിരിക്കുകയായിരുന്നു.ഇവരുടെ പരാതി പരിഗണിച്ചാണ് ആദ്യം വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിയത്. ഒടുവിൽ 25 സംസ്ഥാനങ്ങൾക്ക് രണ്ടു വോട്ട് വീതം എന്ന സ്ഥിതിയിൽ ജൂലൈയിൽ പട്ടികയായി.
ബ്രിജ്ഭൂഷനും ഫെഡറേഷൻ അസി. സെക്രട്ടറി വിനോദ് ടോമറിനും എതിരെ ലൈംഗിക അധിക്രമ പരാതിയുമായി വനിതാ ഗുസ്തി താരങ്ങളും അവർക്ക് പിന്തുണയുമായി പുരുഷ താരങ്ങളും ആദ്യം സമരം തുടങ്ങിയത് ജനുവരി 19നാണ്. ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ അത്ലറ്റ്സ് കമ്മിഷൻ അധ്യക്ഷ മേരി കോമിൻ്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ചതോടെ രംഗം ശാന്തമായതാണ്. കമ്മിഷൻ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധിച്ച് രണ്ടാമതും താരങ്ങൾ ജന്തർ മന്ദിറിൽ സമരം തുടങ്ങി. പക്ഷേ, യഥാർഥ കാരണം, കരൺ ഭൂഷനെ മത്സരിപ്പിക്കുന്നത് തടയാൻ ആയിരുന്നെന്നാണ് കേട്ടത്.
റെസ്ലിങ് ഫെഡറേഷനെ അയോഗ്യരാക്കിയ കേന്ദ്ര സ്പോർട്സ് മന്ത്രാലയം ഏപ്രിൽ 27 ന് വുഷു ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ഭൂപേന്ദർ സിങ് ബജ്വയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിക്ക് ചുമതല നൽകി. ബജ്വയാണ് ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്.(2018 ൽ ജക്കാർത്തയിൽ ബ്രിജ് ഭൂഷനായിരുന്നു സംഘത്തലവൻ.) എന്നാൽ നിശ്ചിത സമയത്ത് തിരഞ്ഞെടുപ്പ് നടക്കാഞ്ഞതിനെത്തുടർന്ന് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ ഓഗസ്റ്റ് 23 ന് രാജ്യാന്തര സംഘടന സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് 12 ന് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കെയാണ് തലേദിവസം ഹൈക്കോടതിയുടെ സ്റ്റേ വന്നത്. ഓഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിച്ച വോട്ടേഴ്സ് ലിസ്റ്റ് ആയിരിക്കും 21 നു നടക്കുന്ന തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ഹൈക്കോടതി മുൻ ജഡ്ജി മഹേഷ് മിറ്റൽ കുമാർ ആണ് വരണാധികാരി. പ്രസിഡൻ്റ്, സീനിയർ വൈസ് പ്രസിഡൻ്റ്, നാലു വൈസ് പ്രസിഡൻറുമാർ, സെക്രട്ടറി ജനറൽ, ട്രഷറർ, രണ്ടു ജോ. സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് സമിതിയിലെ അഞ്ച് അംഗങ്ങൾ എന്നിവരെയാണ് തിരഞ്ഞെടുക്കേണ്ടത്.ഇതിൽ എത്ര പേർ ബ്രിജ് ഭൂഷൻ്റെ പാളയത്തിൽ നിന്നുള്ളവർ ആയിരിക്കും എന്നാണ് അറിയേണ്ടത്.
ബ്രിജ് ഭൂഷനെതിരെ വനിതാ ഗുസ്തി താരങ്ങൾ സമർപ്പിച്ച പരാതിയിൽ പൊലീസ് കേസ് എടുത്തതു തന്നെ സുപ്രീം കോടതി ഇടപെട്ടതിനെത്തുടർന്നാണ്. ആദ്യം 15 പേർ ആണ് പരാതിയുമായി രംഗത്തുവന്ന തെങ്കിൽ പിന്നീടത് ഏഴായി.അതിൽ തന്നെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിൻവാങ്ങി.അതിലുപരി ഹാങ്ചോ എഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിൽ താരങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അധികൃതർക്കു സാധിച്ചു.വിനേഷ് ഫോഗട്ടിനും ബജ്റങ് പൂനിയയ്ക്കും ട്രയൽസ് ഇല്ലാതെ സെലക്ഷൻ നൽകിയത് മനപ്പൂർവമാകാനാണ് സാധ്യത. ശസ്ത്രക്രിയയെത്തുടർന്ന് വിനേഷ് പിൻവാങ്ങി. ബജ്റങ് പുനിയ മെഡൽ ഇല്ലാതെ മടങ്ങി. എന്തായാലും ഗുസ്തി താരങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഐക്യത്തിനു വിള്ളൽ സംഭവിച്ചു. ഇതു മനപ്പൂർവമെങ്കിൽ തിരഞ്ഞെടുപ്പിൽ അദ്ഭുതമൊന്നും സംഭവിക്കാൻ ഇടയില്ല.
ഇനി ഗുസ്തി ഫെഡറേഷനിൽ ബ്രിജ് ഭൂഷൻ്റെ പിടി അയഞ്ഞാൽ തന്നെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ബ്രിജ്ഭൂഷൻ ശരൻ സിങ് കൈസർഗഞ്ച് മണ്ഡലത്തിൽ നിന്നു വിജയിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതേ, ഏഴാം തവണയും “ബാഹുബലി നേതാ” ലോക്സഭയിൽ ഉണ്ടാകും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here