Advertisement

പാർലമെന്റിൽ എംപിമാർക്കെതിരായ കൂട്ട നടപടി; I.N.D.I.A രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക്

December 19, 2023
3 minutes Read
parliament attack I.N.D.I.A to nationwide protests

പാർലമെന്റിൽ എംപിമാർക്കെതിരായ കൂട്ട നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കാട്ടി I.N.D.I.A രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക്. ഡിസംബർ 22ന് വൻ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. പാർലമെന്റ് ആക്രമണത്തിൽ പ്രധാനമന്ത്രിയോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രിയോ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നാണ് I.N.D.I.A മുന്നണിയുടെ ആവശ്യം.

ലോക്‌സഭയിലെ 141 പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തി. ഭയിലെ മൂന്നില്‍രണ്ട് പ്രതിപക്ഷനേതാക്കളെ സസ്‌പെന്‍ഡ്‌ ചെയ്യാനായിരുന്നു ഉദ്ദേശമെങ്കില്‍ കോടിക്കണക്കിന് രൂപ ചെലവാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം പണിയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പരിഹസിച്ചു. ഡിംപിള്‍ യാദവ്, എസ്ടി ഹസന്‍ എന്നീ സമാജ്‌വാദി പാര്‍ട്ടിയംഗങ്ങള്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.

കോൺഗ്രസിന്റെ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, എൻസിപിയുടെ സുപ്രിയ സുലെ, തൃണമൂൽ കോൺഗ്രസിലെ സുദീപ് ബന്ധോപാധ്യായ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിലെ പ്രമുഖർ.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ ലോക്‌സഭയിലും രാജ്യസഭയിലും ഉണ്ടായ തടസ്സങ്ങൾക്കും അനിയന്ത്രിതമായ പെരുമാറ്റത്തെയും തുടർന്നാണ് സസ്പെൻഷൻ. ക്രമസമാധാനം നിലനിർത്തുന്നതിനും നിയമനിർമ്മാണ നടപടികളുടെ സുഗമമായ നടത്തിപ്പിനുമാണ് സസ്പെൻഷൻ നടപടികൾ സ്വീകരിച്ചതെന്ന് കേന്ദ്ര സർക്കാർ ന്യായീകരിച്ചു.

“സഭയ്ക്കുള്ളിൽ പ്ലക്കാർഡുകൾ കൊണ്ടുവരരുതെന്നണ് തീരുമാനം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ നിരാശ മൂലമാണ് പ്രതിപക്ഷം ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. അതാണ് എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള കാരണം.” – പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു.

അതിനിടെ, കോൺ​ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖർ​ഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി പ്രതിപക്ഷ മുന്നണി I.N.D.I.A രം​ഗത്തെത്തി. ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമാണ് മല്ലികാർജുൻ ഖർ​ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ചത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച ശേഷം ഇക്കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് ഖർ​ഗെ പ്രതികരിച്ചത്.

സീറ്റ് വിഭജന ചർച്ചകൾ ജനുവരിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നീക്കം പ്രതിപക്ഷം എതിർക്കുമെന്ന് I.N.D.I.A നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിമാർക്കെതിരായ കൂട്ട നടപടി ജനാധിപത്യ വിരുദ്ധമാണ്. ഒറ്റക്കെട്ടായി മുന്നോട്ട് പോകും. സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും വിജയിക്കുകയാണ് ലക്ഷ്യമെന്നും ഖർ​ഗെ വ്യക്തമാക്കി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top