‘നവകേരള സദസ്സും പ്രതിഷേധ വിവാദവും; യാത്ര സഞ്ചരിച്ച അക്രമ പാതകൾ

നവകേരള സദസ്സ് തുടങ്ങി മൂന്നാം ദിവസം കല്യാശ്ശേരിയിൽ നിന്നും ആരംഭിച്ചതാണ് പ്രതിഷേധ വിവാദം നവകേരള ബസ്സിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹെൽമെറ്റ് കൊണ്ട് അടക്കം ആക്രമിച്ചു. ആലപ്പുഴയിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് നേരിട്ടു. ഒടുവിൽ തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലി.
നവകേരള യാത്ര ആരംഭിച്ച കല്യാശ്ശേരിയിൽ നടന്നത് ഡിവൈഎഫ്ഐ ആക്രമണം. കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ഹെൽമറ്റ് കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചു. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണം. കല്യാശ്ശേരിയിൽ ഡിവൈഎഫ്ഐയുടെത് ജീവൻ രക്ഷാപ്രവർത്തനമാണെന്നും മാതൃകാപരമെന്നും പ്രശംസ. ഇടയ്‌ക്കൊന്ന് അവസാനിച്ചെങ്കിലും ആലപ്പുഴയിലെത്തിയപ്പോൾ വീണ്ടും വിവാദ ചൂട് പിടിച്ചു. ആലപ്പുഴയിലെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ പ്രതിഷേധക്കാരെ ലാത്തി കൊണ്ട് നേരിട്ടു. കേരളം മുഴുവൻ കണ്ടിട്ടും താൻ മാത്രം ഒന്നും കണ്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.
ഒടുവിൽ യാത്ര തിരുവനന്തപുരം എത്തിയപ്പോൾ സംഘർഷം രൂക്ഷമായി. ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്രവർത്തകരുടെ വീടുകയറി പരസ്പരം ആക്രമിച്ചു. കാട്ടാക്കടയിലും പ്രവർത്തകർക്കെതിരെ ഡിവൈഎഫ്ഐ ജീവൻ രക്ഷാപ്രവർത്തനം നടത്തി. കോൺഗ്രസ് പ്രവർത്തകനെ പൊലീസ് വാഹനം ഇടിച്ചിടുന്നതും കാട്ടാക്കടയിൽ കണ്ടു. അപ്പോഴും ഇരുമുന്നണികളുടെയും നേതൃത്വം പരസ്പരം കൊമ്പുകൂർക്കുകയാണ്. നവകേരള സദസ്സിന്റെ അവസാന ദിവസമായ ഇന്നും വ്യാപക പ്രതിഷേധത്തിനാണ് സാധ്യത.
Story Highlights: Navakerala Sadas and the protest controversy; Violent paths travelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here