ഔദ്യോഗിക ഗ്രൂപ്പിൽ പൊലീസുകാരന്റെ രാഷ്ട്രീയ പോസ്റ്റ് ; DGPയ്ക്ക് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

പൊലീസിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ്. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസുകാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചെന്നും തനിക്കെതിരെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും രാഹുലിന്റെ പരാതി.
സിപിഒ കിരൺ എസ് ദേവാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡ്യൂട്ടി ഗ്രൂപ്പിൽ പോസ്റ്റിട്ടത്. ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുലിന്റെ പരാതി. തിരുവന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനാണ് കിരൺ എസ് ദേവ്. തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ രാഷ്ട്രീയ പോസ്റ്റിട്ടത്. മന്ത്രി ഗണേഷ് കുമാർ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് ഔദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റിനെതിരെ സെനയ്ക്കുള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഗ്രൂപ്പിൽ നിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് മറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിയ്ക്ക് പരാതി നൽകിയത്. നിലവിൽ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ് ഇടത് അനുഭാവം പുലർത്തുന്ന കിരൺദേവ്.
Story Highlights: Rahul Mamkootathil complaint against Police officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here