പീഡന പരാതി; മുൻ എംഎൽഎയെ കോൺഗ്രസ് പുറത്താക്കി

രാജസ്ഥാനിൽ മുൻ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ബാർമറിൽ നിന്നുള്ള മുൻ എംഎൽഎ മേവാരം ജെയിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ജെയിനിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതസ്ര ഉത്തരവിറക്കി. ജെയിനിനും എട്ട് പേർക്കുമെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പുറത്താക്കൽ.
ജെയിൻ, ആർപിഎസ് ഓഫീസർ ആനന്ദ് സിംഗ് രാജ്‌പുരോഹിത് എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെ 2023 ഡിസംബറിൽ ഒരു സ്ത്രീ പരാതി നൽകിയിരുന്നു. രണ്ട് വർഷം മുമ്പ് മകളെ ഇവർ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ജെയിനിനെ പാർട്ടി പുറത്താക്കിയത്.
‘ബാർമറിൽ നിന്നുള്ള മുൻ എംഎൽഎയായ മേവാരം ജെയിനിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അടിയന്തര പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്തു. കോൺഗ്രസ് ഭരണഘടനാ പ്രകാരമുള്ള അച്ചടക്ക ലംഘനത്തിൻ്റെയും അധാർമിക പ്രവർത്തനത്തിലെ പങ്കാളിത്തവും കണക്കിലെടുത്താണ് നടപടി’-ദോതസ്ര ഉത്തരവിൽ പറഞ്ഞു.
ബാർമർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചയാളാണ് മേവാരം ജെയിൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിമതനായ പ്രിയങ്ക ചൗധരിയോട് പരാജയപ്പെട്ടു. ഗോ സേവാ ആയോഗിന്റെ ചെയർമാൻ സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Story Highlights: Rajasthan Congress Suspends Ex-MLA Accused Of Rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here