‘പ്രീണന രാഷ്ട്രീയം’; സന്യാസിമാർക്കെതിരായ ആക്രമണത്തിൽ തൃണമൂലിനെ വിമർശിച്ച് കേന്ദ്ര മന്ത്രി

പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ബംഗാളിൽ ഉള്ളത് പ്രീണന രാഷ്ട്രീയത്തിൻ്റെ അന്തരീക്ഷമെന്ന് വിമർശനം. മൂന്ന് സന്യാസിമാരെ ജനക്കൂട്ടം മർദിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
‘ബംഗാളിൽ പ്രീണന രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചു…ഈ പ്രീണന രാഷ്ട്രീയം ബംഗാളിനെ എങ്ങനെ നയിക്കുന്നുവെന്നതാണ് ചോദ്യം. എന്തിനാണ് ഇങ്ങനെ ഒരു ഹിന്ദു വിരുദ്ധ ചിന്ത? രാമജന്മഭൂമിയിൽ (അയോധ്യ) ക്ഷേത്രത്തിന്റെ തറക്കല്ലിട്ടപ്പോൾ, ബംഗാളിൽ കർഫ്യൂ പോലുള്ള ഒരു സാഹചര്യം സൃഷ്ടിച്ചു, പരിപാടി ആഘോഷിക്കുന്നതിൽ നിന്ന് ഹിന്ദുക്കളെ തടഞ്ഞു’- കേന്ദ്ര മന്ത്രി പറഞ്ഞു.
‘ഇപ്പോൾ ഹിന്ദു സന്യാസിമാരെ മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. വിഷയത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉയർത്തിക്കാട്ടിയപ്പോഴാണ് അന്വേഷണം പോലും നടന്നത്’ – താക്കൂർ കൂട്ടിച്ചേത്തു. ഗംഗാസാഗർ മേളയ്ക്ക് പോകുകയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മൂന്ന് സന്യാസിമാർക്കാണ് മർദ്ദനമേറ്റത്. ബംഗാളിലെ പുരുലിയ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് സംശയിച്ചായിരുന്നു ജനക്കൂട്ടം സന്യാസിമാരെ മർദിച്ചത്.
കരസംക്രാന്തി ഉത്സവത്തിന് ഗംഗാസാഗറിലേക്ക് പോകുകയായിരുന്ന സന്യാസിമാർ, വഴി ചോദിക്കുന്നതിനായി ഒരു കൂട്ടം യുവതികളെ സമീപിച്ചിരുന്നു. വഴി ചോദിക്കുന്നതിനിടയിൽ സന്യാസിമാരെ കണ്ട് യുവതികൾ ഭയന്നോടി. ഇത് നാട്ടുകാരിൽ സംശയം തോന്നിപ്പിച്ചു. തുടർന്ന് ഒരു കൂട്ടം ആളുകൾ സന്യാസിമാരെ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തിയ ശേഷം കാസിപൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: Anurag Thakur Jabs Trinamool Over Attack On Sadhus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here