‘എക്സാലോജിക്-സിഎംആർഎൽ ഇടപാട് അടിമുടി ദുരൂഹം’; ആര്‍ഒസി റിപ്പോര്‍ട്ട് പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്(ROC) റിപ്പോര്‍ട്ട്. സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നും എന്നാല്‍ വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം എക്‌സാലോജിക് കൈമാറിയെന്നും ബെംഗളൂരു ആര്‍ഒസിയുടെ റിപ്പോര്‍ട്ട് പറയുന്നു. വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്ന് ബെംഗളൂരു ആര്‍ഒസി റിപ്പോര്‍ട്ടില്‍ പറയുന്നു. എക്സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അതേസമയം എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജന്‍സിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റേതായിരുന്നു ഉത്തരവ്. വീണാ വിജയൻ്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയുമാണ് അന്വേഷണം.
Story Highlights: Exalogic made mysterious transactions, says ROC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here