Advertisement

അർജന്റീന ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും; 2 സൗഹൃദ മത്സരങ്ങൾ കളിക്കും

January 18, 2024
1 minute Read
Argentina football team will arrive in Kerala in October 2025

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളത്തിൽ മെസ്സിയും സംഘവും ഫുട്ബോൾ കളിക്കുന്നത് 2025 ഒക്ടോബർ മാസത്തിലാവും. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി.

ഈ വർഷം ജൂണിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചിരുന്നു. തുടർന്നാണ് അടുത്ത വർഷത്തേക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിയത്.

കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേരത്തേ അറിയിച്ചു. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.

ഇതോടെ അര്‍ജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു. 2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top