പാണക്കാട്ടെ കുട്ടികളിൽ ഒരാളെയും തൊടില്ല, വീൽചെയറിലാകുന്നത് ആരെന്ന് കാത്തിരുന്നു കാണാം; കെ ടി ജലീൽ

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി തങ്ങൾക്ക് നേരെയുള്ള വധഭീഷണിക്ക് എതിരെ കെ ടി ജലീൽ എംഎൽഎ. പാണക്കാട്ടെ കുട്ടികളിൽ ഒരാളെയും ഒരാളും തൊടില്ല.ഗുരുത്വക്കേട് തട്ടി വീൽചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
പള്ളികളുടെ സ്ഥാനം അലങ്കരിക്കുന്നതിൽ സയ്യിദ് മുഈനലി തങ്ങളുമുണ്ട്. ഞങ്ങളെയൊക്കെ വീൽ ചെയറിലാക്കിയിട്ടേ മുഈനലി തങ്ങളെ തൊടാൻ സാധിക്കൂ. മുഈനലി തങ്ങൾക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ജലീൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് പാണക്കാട് തങ്ങൻമാർ. ആ മഹനീയ പൈതൃകം പാണക്കാട് കുടുംബത്തിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. അവരിൽ ഒരാളാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. മൺമറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇളയ മകൻ.
പാണക്കാട്ടെ കുട്ടികളിൽ ഒരാളെയും ഒരാളും തൊടില്ല. ഗുരുത്വക്കേട് തട്ടി വീൽചെയറിലാകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാം. പാണക്കാട് കുടുംബത്തിൽ ഹൈദരലി തങ്ങളുടെ മക്കൾക്ക് മാത്രം മഹത്വമില്ലെന്നാണ് “പൈതൃകവാദി”കളുടെ പക്ഷമെങ്കിൽ ആ പക്ഷത്ത് നിൽക്കാൻ തലച്ചോറുള്ള ആരെയും കിട്ടില്ല.
പാണക്കാട്ടെ മുഈനലി തങ്ങളെ വീൽചെയറിലാക്കും എന്ന് ഏതോ ഒരു അധമൻ പുലമ്പിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. അതിനെതിരെ ഒരക്ഷരം ഉരിയാടാൻ “പാണക്കാട് പൈതൃകം” ആഘോഷിച്ചവരെയും, പാണക്കാട്ടെ തങ്ങൻമാരെ വാനോളം പുകഴ്ത്തി സംസാരിച്ചവരെയും, തങ്ങന്മാരുടെ കറുത്ത തൊപ്പി മുഖചിത്രമാക്കി ഗ്രന്ഥം രചിച്ചവരെയും കാണാത്തത് അമ്പരപ്പുളവാക്കുന്നതാണ്.
പാണക്കാട് തങ്ങൻമാരിൽ ഒരാൾക്കെതിരെയും വധഭീഷണി ഉയർത്താൻ ഒരാളും ഇന്നോളം തയ്യാറായിട്ടില്ല. എന്നിരിക്കെ മുഈനലി തങ്ങൾക്കെതിരെയുണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളിക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഞങ്ങളെയൊക്കെ വീൽചെയറിലാക്കിയേ സയ്യിദ് മുഈനലി തങ്ങളെ വീൽചെയറിലാക്കാൻ ഏതൊരുത്തനും സാധിക്കൂ. ഫോണിൽ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അതു മറക്കണ്ട. പാണക്കാട് മുഈനലി തങ്ങൾക്ക് ഐക്യദാർഢ്യം.
Story Highlights: KT Jaleel on Panakkad Mueen Ali Thangal Threaten call
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here