ബിജെപി ആണോ, കോണ്‍ഗ്രസ് ആണോ എന്നൊന്നും നോക്കിയിട്ടല്ല; മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടെന്ന് സുധാകരന്

ക്ഷേമ പെന്ഷന് മുടങ്ങിയതിന് പ്രതിഷേധിച്ച മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടെന്ന് കെ സുധാകരന്. മറിയക്കുട്ടി കോണ്‍ഗ്രസ് ആണോ സിപിഐഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തത്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി ചേര്‍ത്തു പിടിക്കുകയാണെന്നും സുധാകരന് പറഞ്ഞു.
വളരെയധികം തടസങ്ങള്‍ നേരിട്ടെങ്കിലും വീടു നിര്‍മാണം ആരംഭിക്കുകയാണ്. കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്, ഡീന്‍ കുര്യാക്കോസ് എംപിയുടെയും കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് വീടിന് തറക്കല്ലിട്ടിരിക്കുന്നതെന്ന് സുധാകരന് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് സുധാകരൻ വിവരം അറിയിച്ചത്.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്:
ക്ഷേമ പെന്ഷന് കിട്ടാത്ത കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ സിപിഎമ്മിനാല്‍ ആക്രമിക്കപ്പെട്ടയാളാണ് മറിയക്കുട്ടിയമ്മ. പിണറായി വിജയന് സര്‍ക്കാരിന്റെ കഴിവുകെട്ട ഭരണം മൂലം ദുരിതത്തില്‍ ആയിരിക്കുന്ന മുഴുവന്‍ പാവപ്പെട്ടവരെയും സഹായിക്കണം എന്നത് പ്രായോഗികമല്ല. എങ്കിലും മറിയക്കുട്ടി അമ്മയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചിരുന്നു. വളരെയധികം തടസ്സങ്ങള്‍ നേരിട്ടെങ്കിലും വീടുപണി ആരംഭിക്കുകയാണ്. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന് ഡീന്‍ കുര്യാക്കോസ് എംപിയുടെയും കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ആ വീടിന് തറക്കല്ലിട്ടിരിക്കുന്നു.
മറിയക്കുട്ടി അമ്മ കോണ്‍ഗ്രസ് ആണോ സിപിഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തത്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പാവപ്പെട്ട സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി കോണ്‍ഗ്രസ് പ്രസ്ഥാനം ചേര്‍ത്തു പിടിക്കുകയാണ്. ഭക്ഷണവും മരുന്നും പോലും വാങ്ങാന്‍ കഴിയാത്ത മറിയക്കുട്ടി അമ്മമാരെ സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കെപിസിസി ശക്തമായി ആവശ്യപ്പെടുന്നു. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി കൊടുക്കുവാനും വയോജനങ്ങള്‍ക്ക് മറ്റു പരിപാലനങ്ങള്‍ക്ക് അവസരം ഒരുക്കുവാനും സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണം.
Story Highlights: K Sudhakaran Construct House for Mariyakutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here