വണ്ടിപ്പെരിയാർ പോക്സോ കേസ്; പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ പ്രതി അർജുന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ പറയുന്നത്. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല.
ഇതിനിടെ കുട്ടിയുടെ പിതാവ് പൊലീസിനെതിരെ രംഗത്തുവന്നിരുന്നു. കേസിൽ കോടതി കുറ്റവിമുക്തനാക്കിയ അർജുൻ്റെ ബന്ധുവിനെ ആക്രമിച്ചെന്ന പരാതിയിൽ പിതാവിനെതിരെ കേസെടുത്തിരുന്നു. ഇത് വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാനാണ് എന്നായിരുന്നു പരാതി.
ഈ മാസം ആറിനാണ് വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ പിതാവിനെ കോടതി കുറ്റവിമുക്തനാക്കിയ അർജുന്റെ ബന്ധുവായ പാൽരാജ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളുടെ പേരിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നാലെ പ്രതിയായ പാൽരാജും പൊലീസിന് പരാതി നൽകി. വണ്ടിപ്പെരിയാർ പൊലീസ് പരാതി കോടതിക്ക് കൈമാറി. പീരുമേട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തത്.
2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.
Story Highlights: vandiperiyar pocso high court appeal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here