‘കാണികൾ എൻ്റെ വസ്ത്രവും മുടിയുമാണ് ശ്രദ്ധിക്കുന്നത്, മത്സരമല്ല’; ലിംഗവിവേചന ആരോപണവുമായി ദിവ്യ ദേശ്മുഖ്

നെതർലൻഡ്സിൽ അടുത്തിടെ സമാപിച്ച ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻ്റിൽ കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യൻ മാസ്റ്റർ ദിവ്യ ദേശ്മുഖ്. തൻ്റെ മുടി, വസ്ത്രം, ഉച്ചാരണം തുടങ്ങിയ അപ്രസക്തമായ കാര്യങ്ങലാണ് അവർ ശ്രദ്ധിക്കുന്നത്. ടൂർണമെന്റിൽ താൻ പുലർത്തിയ മികവിനെ ആരും കാര്യമാക്കിയില്ല. കായിക രംഗത്ത് അർഹിക്കുന്ന അംഗീകാരം വനിതാ താരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ വർഷം ഏഷ്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് നേടിയ 18 കാരി ആരോപിച്ചു.
ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദിവ്യ ദേശ്മുഖ് കാണികളുടെ ലിംഗവിവേചനത്തെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും തുറന്നടിച്ചത്. ‘പൊതുസമൂഹത്തിന് മുന്നിൽ ഈ വിഷയം ഉന്നയിക്കണമെന്ന് ഉണ്ടായിരുന്നു. ടൂർണമെൻറ് അവസാനിക്കാൻ വേണ്ടിയാണ് കാത്തിരുന്നത്. വനിതാ താരങ്ങളോടുള്ള കാണികളുടെ മോശം പെരുമാറ്റം ഏറെയായി ശ്രദ്ധിക്കാറുണ്ട്, കൂടാതെ പലരും ഇതേപ്പറ്റി പറഞ്ഞിരുന്നു. ഈ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താനായതിൽ അഭിമാനമുണ്ട്. പക്ഷേ തന്നെ വേദനിപ്പിച്ചത് കാണികളുടെ പെരുമാറ്റമാണ്’-ദിവ്യ ദേശ്മുഖ് കുറിച്ചു.
‘കാണികൾ എൻ്റെ ഗെയിം ഒഴികെ ബാക്കിയെല്ലാം ശ്രദ്ധിച്ചു. എൻ്റെ വസ്ത്രങ്ങൾ, മുടി, ഉച്ചാരണം, തുടങ്ങി ലോകത്തിലെ അപ്രസക്തമായ മുഴുവൻ കാര്യങ്ങളാണ് അവർ ശ്രദ്ധിച്ചത്. ഇത് കേട്ട് അസ്വസ്ഥത തോന്നി. സ്ത്രീകൾ ചെസ്സ് കളിക്കുമ്പോൾ അവരുടെ സൗന്ദര്യവും മറ്റും ആസ്വദിക്കുകയും അവരുടെ കഴിവും ശക്തിയും അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഒരു സങ്കടകരമായ സത്യമാണ്. വളരെ കുറച്ച് ആളുകൾ മാത്രമാണ് ഗെയിം ശ്രദ്ധിക്കുന്നത്’- ദിവ്യ ദേശ്മുഖ് വ്യക്തമാക്കി. 13-ാം റൗണ്ടിൽ 4.5 എന്ന സ്‌കോറോടെ ലിയോൺ ലൂക്ക് മെൻഡോങ്കയോട് പരാജയപ്പെട്ട് ചലഞ്ചേഴ്സ് വിഭാഗത്തിൽ 12-ാം സ്ഥാനത്താണ് ദേശ്മുഖ് ഫിനിഷ് ചെയ്തത്.
Story Highlights: Divya Deshmukh calls out sexism in chess
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here