വണ്ടിപ്പെരിയാർ പോക്സോ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കുറ്റവാളിയെ സംരക്ഷിക്കാൻ ബോധപൂർവ്വമായ ശ്രമമുണ്ടായെന്ന് ഹർജിയിൽ പറയുന്നു. (vandiperiyar pocso mother appeal)
2021 ജൂൺ 30 ആം തീയതി വൈകിട്ട് മൂന്നര മണിക്ക് ആണ് അഞ്ചു വയസ്സുള്ള പെൺകുട്ടി തൂങ്ങിമരിച്ചതായി കാണപ്പെട്ടത്. വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം കട്ടപ്പന പോക്സോ കോടതിയിൽ വിചാരണ പൂർത്തിയാക്കുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തിരുന്നു. കുറ്റവാളിയെ രക്ഷിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും തെളിവുകളുടെ അപര്യാപ്തത മൂലമാണ് പ്രതിയെ കീഴ്കോടതി കുറ്റവിമുക്തനാക്കിയത് എന്നും കുട്ടിയുടെ മാതാവ് ഫയൽ ചെയ്ത ഹർജിയിൽ ആരോപിക്കുന്നു.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ്എച്ച്ഒ ടി.ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. അദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദ്ദേശം നൽകി. അന്വേഷണ ചുമതല എറണാകുളം റൂറൽ ASPക്കാണ്. കട്ടപ്പന പോക്സോ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ ടി.ഡി സുനിൽകുമാറിനെതിരെ പ്രതികൂല പരാമർശം ഉണ്ടായ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോഴത്തെ സസ്പെൻഷൻ. അന്വേഷണ ചുമതലയുള്ള എറണാകുളം റൂറൽ ASP 2 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
വണ്ടിപ്പെരിയാർ കേസിൽ സംഭവിച്ചത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. കോടതിയുടെ പരാമർശങ്ങൾ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സർക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തിൽ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് എസ്എച്ച്ഒ ടി.ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.
സണ്ണി ജോസഫ് എംഎൽഎയാണ് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Story Highlights: vandiperiyar pocso mother appeal high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here