ഇന്ത്യാ ബ്ലോക്കിന് വീണ്ടും തിരിച്ചടി; മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന് വീണ്ടും തിരിച്ചടി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുതിർന്ന നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദിയോറയും കോൺഗ്രസ് വിട്ടതിന് പിന്നാലെയാണ് ശക്തനായ മറ്റൊരു നേതാവിൻ്റെ രാജി.
അശോക് ചവാൻ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാനാ പട്ടോളെയ്ക്ക് ഒറ്റവരി രാജിക്കത്ത് കൈമാറി. പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയാണെന്ന് നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറേയും അറിയിച്ചു. പാർട്ടി വിട്ട അദ്ദേഹം മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ബിജെപി-ശിവസേന-എൻസിപി സഖ്യത്തിൽ ചേർന്നേക്കുമെന്നാണ് സൂചന.
ചവാന് ബിജെപി രാജ്യസഭാ സീറ്റ് നൽകിയേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ചവാനുമായി ബന്ധമുള്ള 12 ഓളം എംഎൽഎമാരും ഉടൻ പാർട്ടി മാറുമെന്നും സൂചനയുണ്ട്. പൊതു തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് വലിയ തലവേദനയായി മാറുകയാണ്.
Story Highlights: Ex-Maharashtra Chief Minister Ashok Chavan quits Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here