അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്രം ഇന്ന് ഉദ്ഘാടനം ചെയ്യുമെങ്കിലും മാർച്ച് ഒന്നിന് മാത്രമേ വിശ്വാസികൾക്കായി തുറന്നുകൊടുക്കുകയുള്ളൂ. ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത(ബിഎപിഎസ്) ക്ഷേത്രം എന്നാണ് അബുദാബിയിലെ ഈ ക്ഷേത്രം അറിയപ്പെടുക. ANI യാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
2017ൽ പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്. 700 കോടി ചെലവിൽ 27 ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഈ വാസ്തുവിദ്യാ വിസ്മയത്തിൽ 3,000 ഭക്തരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രാർത്ഥനാ ഹാൾ, കമ്മ്യൂണിറ്റി സെൻറർ, എക്‌സിബിഷൻ ഹാൾ തുടങ്ങി വിവിധ സൗകര്യങ്ങളുണ്ട്. 1.80 ലക്ഷം ക്യുബിക് അടി പിങ്ക് രാജസ്ഥാൻ മണൽക്കല്ലുകൾ, 50,000 ക്യുബിക് അടി ഇറ്റാലിയൻ മാർബിൾ, 18 ലക്ഷം ഇഷ്ടികകൾ എന്നിവ ഉപയോഗിച്ചാണ് മന്ദിരം നിർമിച്ചിരിക്കുന്നത്.
ആത്മീയതയ്‌ക്കപ്പുറം, ക്ഷേത്ര സമുച്ചയം ഒരു സാംസ്‌കാരിക കേന്ദ്രമായും പ്രവർത്തിക്കും. സന്ദർശന കേന്ദ്രം, പ്രാർത്ഥനാ ഹാളുകൾ, വിദ്യാഭ്യാസ ഇടങ്ങൾ, കായിക സൗകര്യങ്ങൾ, തീമാറ്റിക് ഗാർഡനുകൾ എന്നിവയും ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമാണ്.
Story Highlights: BAPS temple opening Live Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here