എക്‌സാലോജികിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ല; എസ്എഫ്‌ഐഒയുടെ അന്വേഷണം നിയമപരമെന്ന് കോടതി

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് പുറത്ത്. എസ്എഫ്‌ഐഒയുടെ അന്വേഷണം നിയമപരമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നു. അന്വേഷണം റദ്ദാക്കാന്‍ എക്‌സാലോജിക് കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി.(Karnataka high court says SFIO investigation is legal)
ഇന്നലെയാണ് എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയത്. 46 പേജുള്ള വിധിയുടെ പൂര്‍ണരൂപം ഇന്ന് പുറത്തുവന്നു. എസ്എഫ്‌ഐഒയുടെ അന്വേഷണം നിയമപരമാണെന്നും കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പിച്ചതില്‍ തെറ്റില്ലെന്നും വിധിയില്‍ പറയുന്നു. പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം റദ്ദാക്കാന്‍ എക്‌സാലോജിക് കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ സാഹചര്യത്തില്‍ അന്വേഷണം റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ കഴിയില്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നു.
ഒരേ കേസില്‍ സമാന്തര അന്വേഷണം നടത്തുന്നതിലെ നിയമവിരുദ്ധതയാണ് എക്‌സാലോജിക് പ്രധാനമായും കോടതിയില്‍ ചൂണ്ടികാട്ടിയത്. എന്നാല്‍ കമ്പനി നിയമത്തിലെ 210 ആം നിയമപ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണം പൂര്‍ത്തിയായതാണെന്നും തുടര്‍ന്നാണ് 212 നിയമപ്രകാരം എസ്എഫ്‌ഐഒ കേസ് ഏറ്റെടുത്തതെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍ അറിയിച്ചിരുന്നു. ഇത് കോടതി പരിഗണിച്ചു. ഈ നിയമപ്രകാരം അന്വേഷണം ഏറ്റെടുക്കുന്നതില്‍ തെറ്റില്ലെന്ന നിരീക്ഷണവും കോടതി നടത്തി.
വിധിയ്‌ക്കെതിരെ മേല്‍കോടതിയെ സമീപിയ്ക്കാനുള്ള നടപടികളുമായാണ് എക്‌സാലോജിക് മുന്നോട്ടു പോകുന്നത്. നിബന്ധനകളില്ലാതെ, സ്വതന്ത്ര അന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വീണാവിജയനിലേയ്ക്കും എക്‌സാലോജിക്കിലേയ്ക്കും വേഗത്തില്‍ എത്താനാണ് എസ്എഫ്‌ഐഒ ശ്രമിയ്ക്കുന്നത്.
Story Highlights: Karnataka high court says SFIO investigation is legal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here