കൊല്ലത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; എം മുകേഷ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും

കൊല്ലത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം മുകേഷ് എംഎൽഎയുടെ പേര് CPIM ജില്ലാ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു. എൻ.കെ പ്രേമചന്ദ്രൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഇന്നുണ്ടായേക്കും.
സിപിഐഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടം നടക്കുന്ന ഇടമാണ് കൊല്ലം ലോക്സഭാ മണ്ഡലം. അതുകൊണ്ടുതന്നെ മണ്ഡലം പിടിക്കാൻ കരുത്തരായ സ്ഥാനാർത്ഥി വേണമെന്ന നിർദേശത്തിൽ നിന്നാണ് എം മുകേഷിൻ്റെ പേരിലേക്ക് സിപിഐഎം എത്തിയത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആണ് മുകേഷിന്റെ പേര് നിർദ്ദേശിച്ചത്. മന്ത്രി കെ.എൻ ബാലഗോപാലിൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം ഉണ്ടായത്.
സംസ്ഥാന നേതൃത്വം അംഗീകരിച്ചാൽ കൊല്ലത്ത് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരം തീപ്പാറുമെന്ന് ഉറപ്പ്. മണ്ഡലത്തിലെ ഈഴവ പ്രാധിനിത്യം മുകേഷിന് അനുകൂലമാകുമെന്നാണ് ജില്ലാ ഘടകത്തിന്റെ വിലയിരുത്തൽ. സെലിബ്രിറ്റി മുഖമായതിനാൽ പാർട്ടി വോട്ടുകൾക്കപ്പുറമുള്ള വോട്ടുകൾ നേടാൻ ആകുമെന്നും സിപിഐഎം കണക്കാക്കുന്നു. സി.എസ് സുജാതയുടെ പേര് ഒരു ഘട്ടത്തിൽ ഉയർന്നെങ്കിലും സാധ്യതകളെല്ലാം മുകേഷിന് അനുകൂലമാണെന്ന് പാർട്ടി വിലയിരുത്തുകയായിരുന്നു.
അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. ഔദ്യോഗിക പ്രഖ്യാപനത്തിനും രണ്ടാഴ്ച മുൻപ് തന്നെ യുഡിഎഫ് പ്രവർത്തകർ പ്രേമചന്ദ്രനായി ചുവരെഴുത്ത് അടക്കമുള്ള പ്രചാരണങ്ങൾ ആരംഭിച്ചിരുന്നു.
Story Highlights: Lok Sabha Elections; M Mukesh LDF candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here