ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം: തമിഴ്‌നാട്ടില്‍ പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിച്ചു

ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിച്ചു. തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യനാണ് പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിച്ചതായി അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റും വില്‍ക്കുന്ന പഞ്ഞിമിട്ടായിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. (Tamil Nadu bans cotton candy sale over cancer concerns)
പഞ്ഞിമിട്ടായിയില്‍ ചേര്‍ക്കുന്ന നിറത്തിലടങ്ങിയിരിക്കുന്ന റോഡമിന്‍ ബി എന്ന രാസവസ്തുവാണ് ക്യാന്‍സറുണ്ടാകാന്‍ കാരണമാകുന്നത്. റോഡമിന്‍ ബി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം കുറ്റകരമാണെന്നും തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. മുന്‍പ് ഭക്ഷ്യസുരക്ഷാ വകുപ്പ് മെറീന ബീച്ചില്‍ നടത്തിയ റെയ്ഡിലാണ് അപകടകാരിയായ രാസവസ്തു അടങ്ങിയ പഞ്ഞിമിട്ടായികള്‍ പിടിച്ചെടുത്തത്.
Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം
റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു. യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്‌സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. റോഡമിന്‍-ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകുമെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
Story Highlights: Tamil Nadu bans cotton candy sale over cancer concerns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here