‘കേരളം ആരുടെയെങ്കിലും മുന്നിൽ ദയാവായ്പിന് കെഞ്ചുന്നവരല്ല, അർഹതപ്പെട്ട പണമാണ് ചോദിക്കുന്നത്’; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

കേരളം ആരുടെയെങ്കിലും മുന്നിൽ ദയാവായ്പിന് കെഞ്ചുന്നവരല്ലെന്നും കേരളത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അത് ഭരണഘടന നിശ്ചയിച്ച് തന്നതാണ്. കേന്ദ്ര ഗവൺമെൻ്റിന് തോന്നിയ പോലെ കാര്യങ്ങൾ നിർവഹിക്കാനല്ല ഭരണഘടന ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം രൂക്ഷ ഭാഷയിൽ വിമർശിച്ചു.
ഫെഡറൽ തത്വത്തിന് അനുസരിച്ച് കാര്യങ്ങൾ പോകാത്തതിനാലാണ് കേന്ദ്രത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പലവട്ടം ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പ്രധാനമന്ത്രിയുടെ അടക്കം ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതാണ്. എന്നിട്ടും ഒരു മാറ്റവും വരാത്തതിനാലാണ് കോടതിയെ സമീപിച്ചത്.
ചർച്ച നടത്തണമെന്ന സുപ്രീം കോടതി നിർദേശം സംസ്ഥാനം സ്വീകരിച്ചു. എന്നാൽ ചർച്ച നടത്താൻ ധനമന്ത്രി ഡൽഹിയിലെത്തിയെങ്കിലും ഉദ്യോഗസ്ഥരെ മാത്രമാണ് കേന്ദ്ര സർക്കാർ വിട്ടത്. കേന്ദ്ര ധനമന്ത്രിയോ സഹമന്ത്രിമാരോ ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറായില്ല. കേരളത്തിന് ഈ മാസം കൊടുക്കേണ്ട പണം നൽകണമെങ്കിൽ കേസ് പിൻവലിക്കണമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ഇത് കേരളത്തിന് അവകാശപ്പെട്ട പണമാണ്. ആ പണമാണ് കേന്ദ്ര സർക്കാരിനോട് ചോദിക്കുന്നത്. നാം കോടതിയിൽ കേസിന് പോയത് ആ പണത്തിന് വേണ്ടി മാത്രമല്ല. പകരം, കേരളത്തിന് ഈ കാലയളവിൽ നഷ്ടമായ മുഴുവൻ തുകയും ലഭിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here