Advertisement

26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്

March 2, 2024
2 minutes Read
26_11 Mumbai Attack Mastermind Azam Cheema Dies In Pakistan (1)

രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഇൻ്റലിജൻസ് മേധാവി അസം ചീമ (70) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദിൽ വച്ചാണ് ഇയാൾ മരിച്ചതെന്നും ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

2000 കളുടെ തുടക്കത്തിൽ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം പാകിസ്ഥാനിലെ ബഹവൽപൂരിലേക്ക് ഒളിച്ചോടിയ പഞ്ചാബി സംസാരിക്കുന്ന ലഷ്കറെ ഭീകരനാണ് ചീമ. 26/11 മുംബൈ ആക്രമണത്തിൻ്റെയും, 2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനത്തിൻ്റെ മുഖ്യസൂത്രധാരൻ. അഫ്ഗാൻ യുദ്ധവിദഗ്‌ദ്ധനായിരുന്ന ചീമയ്ക്ക് മാപ്പ് റീഡിംഗിൽ വൈദഗ്ധ്യം ഉണ്ടായിരുന്നു.

ബഹവൽപൂരിൻ്റെ ലഷ്കർ കമാൻഡറായിരുന്ന ചീമ 2008-ൽ, ലഷ്കറിൻ്റെ മുതിർന്ന ഉദ്യോഗസ്ഥനായ സാക്കി-ഉർ-റഹ്മാൻ ലഖ്‌വിയുടെ ഓപ്പറേഷൻസ് അഡൈ്വസറായി നിയമിക്കപ്പെട്ടു. ആറ് അമേരിക്കക്കാരുൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008 ആക്രമണം നടത്തിയ തീവ്രവാദികളെ പരിശീലിപ്പിച്ചുവെന്നാരോപിച്ച് യുഎസ് സർക്കാർ ഇയാളെ തെരയുകയായിരുന്നു. ചീമയുടെ സംസ്കാരം ഫൈസലാബാദിലെ മൽഖൻവാലയിൽ നടന്നതായി റിപ്പോർട്ടിൽ പറയുന്നു.

അടുത്ത കാലത്തായി, നിരവധി ലഷ്കർ ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഈ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. എന്നാൽ ഇന്ത്യ ഈ ആരോപണം നിഷേധിച്ചു. ചീമയുടെ മരണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ ജിഹാദി വൃത്തങ്ങളിൽ ഊഹാപോഹങ്ങൾ തുടരുകയാണ്. ചീമയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യയാണെന്നാണ് ആരോപണം.

Story Highlights: 26/11 Mumbai Attack Mastermind Azam Cheema Dies In Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top