കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യും

തൃപ്പുണിത്തുറ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം മറ്റന്നാൾ. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.രാവിലെ 10 മണിക്ക് കൊൽക്കത്തയിൽനിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. അതേസമയം തൃപ്പൂണിത്തുറ സ്റ്റേഷനിൽനിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും.
ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽനിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും.പുതുതായി നിർമിച്ച തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9:45 മുതൽ കൊച്ചി മെട്രോ ഫേസ് 1-ബി നാടിന് സമർപ്പിക്കുന്നതിന്റെ ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽനിന്ന് എസ്എൻ ജങ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ കൊച്ചി മെട്രോ ഒരു സ്റ്റേഷൻ കൂടി കടന്ന് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോഴും മാറ്റമില്ലാതെ തുടരും.ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ 15 രൂപ ഇളവോടെ ആലുവയിൽനിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്ക് 60 രൂപയായിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
Story Highlights: Narendra Modi to Inaugurate Kochi Metro Tripunithura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here