സിദ്ധാര്‍ത്ഥന്റെ മരണം; ആസൂത്രണം ചെയ്ത് മർദിച്ചു; പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തും. ഗൂഢാലോചന നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ് സൂചന നല്കി. മര്‍ദനത്തിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ വിളിച്ചുവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്ന് പൊലീസ്.
മര്‍ദനത്തിന് മുന്‍പും ഗൂഢാലോചന നടന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ 18 പ്രതികളും പിടിയിലായിരുന്നു. കൂടാതെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. വീട്ടിലേക്ക് പോയ സിദ്ധാര്ത്ഥന് എറണാകുളത്ത് നിന്ന് മടങ്ങിയെത്തിയതിന് ശേഷം 16ന് പകല്‍ ഹോസ്റ്റലില്‍ തങ്ങി. സ്പോര്‍ട്സ് ഡേ ആയതിനാല്‍ ഹോസ്റ്റലില്‍ ആരും ഉണ്ടായിരുന്നില്ല. രാത്രി ഒന്‍പതുമണിയോടെ സിദ്ധാര്‍ത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയി. ഡാനിഷും രഹാന് ബിനോയിയും അല്‍ത്താഫും ചേര്‍ന്നാണ് സിദ്ധാര്‍ത്ഥനെ കുന്നിന് സമീപത്തേക്ക് കൊണ്ടുപോയത്.
കുന്നിന് സമീപത്ത് വെച്ച് സഹപാഠിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മര്‍ദിച്ചു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യലും മര്‍ദനവും നീണ്ടതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെത്തിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയില്‍ എത്തിച്ച് ചോദ്യം ചെയ്യലും മര്‍ദനവും തുടര്‍ന്നു. ഇവിടെവെച്ച് ഗ്ലൂഗണ്‍ വയര്‍ ഉപയോഗിച്ച് സിന്‍ജോ ജോണ്സണ് നിരവധി തവണ സിദ്ധാര്‍ത്ഥനെ അടിച്ചു.
Read Also : രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി ഹസന് കുട്ടിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
തുടര്‍ന്ന് സിദ്ധാര്‍ത്ഥന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി മര്‍ദിച്ചു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്തേക്ക് അടിവസ്ത്രത്തില്‍ സിദ്ധാര്‍ത്ഥനെ എത്തിച്ചു. പുലര്‍ച്ചെ ഒന്നേമുക്കാല്‍ മണിക്കൂര്‍ വരെ മര്‍ദനം നീണ്ടു. മുറിയില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ തട്ടിവിളിച്ച് മര്‍ദിക്കുന്നത് കാണാന്‍ വിളിച്ചു. ഏറ്റവും സീനിയറായ വിദ്യാര്‍ത്ഥി കട എന്ന അഖില്‍ പുലര്‍ച്ചെ എത്തിയപിന്നാലെ സിദ്ധാര്‍ത്ഥനെ ഒറ്റയടി അടിച്ചു. തുടര്‍ന്ന് ആളുകളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും സഹപാഠികളോട് സിദ്ധാര്‍ത്ഥനെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ക്രൂരമായ വേട്ടയാടലില്‍ മനംനൊന്താണ് സിദ്ധാര്ത്ഥന് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
Story Highlights: Sidharth’s death case accused will be charged with criminal conspiracy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here