അനിശ്ചിതകാല നിരാഹാര സമരവുമായി കോൺഗ്രസ്; ഡീനിന് എസ്എഫ്ഐയുമായി ചിയേഴ്സ് ബന്ധമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സിദ്ധാർത്ഥന്റെ മരണത്തിൽ അനിശ്ചിതകാല നിരാഹാര സമരവുമായി യൂത്ത് കോൺഗ്രസ്.സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ , കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം പി എന്നിവർ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം സെക്രട്ടറിയേറ്റിന് മുൻപിൽ ആരംഭിച്ചു. സിദ്ധാർത്ഥനെ SFI കൊന്നതാണ് ഭരണകൂടം കാവലാണ്….നാടിനായി അനിശ്ചിതകാല നിരാഹാര സമരമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഡീനിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ് മന്ത്രി ചിഞ്ചു റാണി പറഞ്ഞത്. ഡീനിനെ ഇങ്ങനെ സംരക്ഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് മന്ത്രിക്ക് ഉള്ളതെന്ന് രാഹുൽ ചോദിച്ചു.സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യ പങ്കുള്ള വ്യക്തി ഡീൻ ആണ്. ഡീൻ എല്ലാകാലത്തും എസ്എഫ്ഐ എന്ന സംഘടനയെ തീറ്റിപ്പോറ്റുന്ന വ്യക്തിയാണ്. നാരായണന് എസ്എഫ്ഐയുമായി ചിയേഴ്സ് ബന്ധമാണ്. നാരായണനെ പ്രതിപട്ടികയിൽ ചേർക്കുകയും പുറത്താക്കുകയും വേണം. കൊലപാതകത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് ഡീൻ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ക്ലിഫ് ഹൗസിൽ മാത്രമല്ല സെക്രട്ടറിയേറ്റിലും മരപ്പട്ടികളുണ്ട്. മരപ്പട്ടികളുടെ ഭരണത്തിലാണ് ഒരു യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. വിവിധ കൊട്ടേഷനുകൾ സ്വീകരിച്ച് സർവകലാശാല അധികാരികളും ഉദ്യോഗസ്ഥന്മാരും സർക്കാരിന്റെ അക്രമത്തിന് കൂട്ടുനിൽക്കുകയാണ്. ലഹരിവാഹകർ ആയ തീവ്രവാദികൾ ആണ് എസ്എഫ്ഐക്കാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
Story Highlights: Youth Congress Protest on Siddarth death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here