‘കരുണാകരൻ്റെ മകൾക്ക് പാർട്ടി എല്ലാം നൽകിയിട്ടുണ്ട്, കോൺഗ്രസിനോട് ചെയ്തത് തെറ്റ്’; പത്മജയ്‌ക്കെതിരെ രമേശ് ചെന്നിത്തല

പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ കരുണാകരൻ്റെ മകളുടെ തീരുമാനം ദൗർഭാഗ്യകരം. പാർട്ടിയോട് ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. പത്മജ പോയത് കോൺഗ്രസിനെ ബാധിക്കില്ല. കോൺഗ്രസിന് ദോഷമുണ്ടാകുമെന്ന് കരുതുന്നവർക്ക് തെറ്റുപറ്റിയെന്നും രമേശ് ചെന്നിത്തല.
കേരളത്തിൽ കോൺഗ്രസിന് ജീവൻ നൽകിയ നേതാവാണ് കെ കരുണാകരൻ. വർഗീയ ശക്തികൾക്കെതിരെ നിരന്തരം പോരാടിയ വ്യക്തി. അദ്ദേഹത്തിൻ്റെ മകൾക്ക് പാർട്ടി എല്ലാം നൽകിയിട്ടുണ്ട്. പാർലമെൻ്റിലേക്കും സംസ്ഥാന അസംബ്ലിയിലേക്കും മത്സരിച്ചു, കെപിസിസി സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതി അംഗം, ഐസിസി അംഗം തുടങ്ങി എല്ലമാക്കി. ഇതിൽ കൂടുതൽ ഒരാൾക്ക് പാർട്ടിയിൽ നിന്ന് എന്താണ് നൽകാനുള്ളത്? – ചെന്നിത്തല ചോദിച്ചു.
തെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജയിക്കുമെന്ന് പൂർണവിശ്വാസം പ്രകടിപ്പിച്ചതിനാലാണ് സീറ്റ് നൽകിയത്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടി വിടുന്നത് ശരിയല്ല. ചെയ്തത് തെറ്റാണ്. പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അത് മുരളീധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വടകരയിൽ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിക്കുമെന്നും ചെന്നിത്തല.
Story Highlights: Ramesh Chennithala against Padmaja Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here