Advertisement

‘മുരളിയേട്ടൻ ദേഷ്യം വന്നാൽ എന്തുംവിളിച്ചുപറയും, അച്ഛനെ എന്തൊക്കെ പറഞ്ഞിരിക്കുന്നു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുന്നത് ആലോചിക്കുമെന്ന് പത്മജ

March 8, 2024
3 minutes Read
Padmaja Venugopal 24 exclusive response after her BJP entry

ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം ഉപാധികളില്ലാതെയാണെന്ന് പത്മജ വേണു​ഗോപാൽ. തന്റെ പരാതികൾ നിരന്തരം അവ​ഗണിക്കുകയും തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കോൺ​ഗ്രസിനോടുള്ള അസംതൃപ്തിയാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് പത്മജ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപിയുടെ ശക്തമായ നേതൃത്വമാണ് തന്നെ ആകർഷിച്ചത്. തന്നെ അധിക്ഷേപിച്ച യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്നും പത്മജ ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക പ്രതികരണത്തിൽ വ്യക്തമാക്കി. (Padmaja Venugopal 24 exclusive response after her BJP entry)

നേതൃത്വപാടവമാണ് പാർട്ടികളിലേക്ക് തന്നെ ആകർഷിക്കുന്നതെന്ന് പത്മജ പറയുന്നു. എന്റെ പിതാവിനെ ലീഡർ എന്ന് വിളിച്ചിരുന്നത് തന്നെ ആ നേതൃത്വം കൊണ്ടാണ്. കോൺ​ഗ്രസിൽ അങ്ങനെയൊരു നല്ല നേതൃത്വം ഇപ്പോഴില്ല. എന്നാൽ അതേസമയത്ത് ബിജെപി നേതൃത്വം മികച്ചതാണ്. മോദിജിയുടെ നേതൃത്വം എടുത്ത് പറയേണ്ടതാണെന്നും പത്മജ പറഞ്ഞു.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

കെ മുരളീധരന്റെ പ്രതികരണത്തിനും പത്മജ മറുപടി പറഞ്ഞു. ‘മുരളിയേട്ടന് ദേഷ്യം വന്നാൽ എന്തൊക്കെയാണ് പറയുകയെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. അദ്ദേഹം പാർട്ടി വിട്ട് പല പ്രാവശ്യം പോയപ്പോഴും ഞാൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ. എന്റെ സഹോദരനാണെന്ന ബോധ്യം എനിക്ക് നല്ലതുപോലെ ഉണ്ടായിരുന്നു. പക്ഷേ ദേഷ്യം വന്നാൽ മുരളിയേട്ടൻ പെങ്ങളാണോ അച്ഛനാണോ എന്നൊന്നും നോക്കില്ല. അച്ഛനെയൊക്കെ എന്തൊക്കെ പറഞ്ഞിരിക്കുന്നു’. പത്മജ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രൂക്ഷ വിമർശനത്തിന് പരിഹാസമായിരുന്നു പത്മജയുടെ മറുപടി. ചാനലിൽ‌ കയറി വലിയ ആളായവരൊന്നും തന്നെക്കുറിച്ച് പറയാൻ വരേണ്ടെന്നും രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നുവെന്നും പത്മജ വേണു​​ഗോപാൽ കൂട്ടിച്ചേർത്തു.

Story Highlights: Padmaja Venugopal 24 exclusive response after her BJP entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top