ലക്ഷങ്ങൾ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകൾ; യുവാവ് അറസ്റ്റിൽ

അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ മാനേജറും എറണാകുളം സ്വദേശിയുമായ ശ്യാംജിത്തിനെ കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ലക്ഷങ്ങൾ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകൾ നടത്തി എന്ന പരാതിയിലാണ് ശ്യാംജിത്ത് പിടിയിലായത്. ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോളജി ടെക്നീഷ്യൻ എന്നിങ്ങനെയുള്ള കോഴ്സുകൾ ആണ് നടത്തിയിരുന്നത്. ആരോഗ്യ സർവകലാശാല അംഗീകാരം ഉണ്ടെന്നു കാണിച്ച് 1.20 ലക്ഷം രൂപ ഫീസ് വാങ്ങിയാണ് കോഴ്സ് നടത്തുന്നത്. മൂന്നുവർഷത്തെ കോഴ്സിൽ 64 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇൻ്റേൺഷിപ്പിനായി വിദ്യാർഥികൾ ആശുപത്രികളിൽ ചെന്നപ്പോഴാണ് കോഴ്സുകൾക്ക് അംഗീകാരം ഇല്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഫീസും എസ്എസ്എൽസി, പ്ലസ് ടു തുടങ്ങിയ സർട്ടിഫിക്കറ്റുകളും വിദ്യാർഥികൾ തിരികെ ആവശ്യപ്പെട്ടെങ്കിലും മാനേജർ തയ്യാറായില്ല.
തട്ടിപ്പുമായി ബന്ധപ്പെട്ട് പാളയത്തെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ഒഫീസിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പൊലീസിൽ പരാതി നൽകി.
Read Alsoവായ്പാ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റ്?; കേരളത്തിനൊപ്പം സുപ്രിംകോടതി
പൊലീസ് എറണാകുളത്ത് നടത്തിയ പരിശോധനയിൽ ഏതാനും വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തു. ഫീസും സർട്ടിഫിക്കറ്റുകളും തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് വിദ്യാർത്ഥികൾ. കുട്ടികളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
Story Highlights: Diploma courses scam Kozhikode youth arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here