ഐസിസി ടെസ്റ്റ് റാങ്കിംഗ്: ബൗളർമാരിൽ ആർ അശ്വിൻ വീണ്ടും ഒന്നാമൻ

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വീണ്ടും ഒന്നാമത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ നൂറാം മത്സരത്തിൽ ഒൻപത് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയതിന് പിന്നാലെയാണ് നേട്ടം. അതേസമയം, ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആദ്യ പത്തിൽ തിരിച്ചെത്തി.
ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ മറികടന്നാണ് അശ്വിൻ്റെ നേട്ടം. 870 റേറ്റിംഗ് പോയിൻ്റുമായാണ് അശ്വിൻ ബൗളിംഗ് റാങ്കിംഗിൽ ഒന്നാമതെത്തിയത്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുമാണ് അശ്വിൻ വീഴ്ത്തിയത്. 2015 നവംബറിലാണ് അശ്വിൻ ആദ്യമായി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയത്.
നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ജസ്പ്രീത് ബുംറ ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ്. ഇരുവർക്കും 847 റേറ്റിംഗ് പോയിൻ്റാണുള്ളത്. ധർമ്മശാലയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ സ്പിന്നർ കുൽദീപ് യാദവും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. റാങ്കിംഗിൽ 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കുൽദീപ് 16-ാം സ്ഥാനത്താണിപ്പോൾ. അതേസമയം രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്ത് തുടരുകയാണ്.
ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആദ്യ പത്തിൽ തിരിച്ചെത്തി. രോഹിത് ശർമ്മ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. 751 റേറ്റിംഗ് പോയിൻ്റുകളാണ് ഇന്ത്യൻ നായകന് ഉള്ളത്. യശസ്വി ജയ്സ്വാൾ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. വിരാട് കോലി 737 റേറ്റിംഗ് പോയിന്റുമായി ഒൻപതാം സ്ഥാനത്തുമുണ്ട്. ശുഭ്മാൻ ഗിൽ 11 സ്ഥാനങ്ങൾ ഉയർന്ന് 20-ാം സ്ഥാനത്തെത്തി.
Story Highlights: ICC Test Rankings: R Ashwin replaces Jasprit Bumrah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here