കോണ്‍ഗ്രസ് നേതാക്കള്‍ നാളെ കൂട്ടത്തോടെ ബിജെപിയില്‍ ചേരും; സസ്‌പെന്‍സിട്ട് പോസ്റ്റര്‍ പ്രചരണവുമായി ബിജെപി

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്ന് പോസ്റ്റര്‍ പ്രചാരണം. നാളെ നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് പോസ്റ്ററിലുള്ളത്. ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്. (More congress leaders will join BJP says BJP’s posters)
പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തോടെ കടുത്ത സമ്മര്‍ദത്തിലായ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് പോസ്റ്റര്‍. ഇന്ന് രാത്രിയാണ് ബിജെപിയുടെ പ്രധാന ഹാന്‍ഡിലുകളിലെല്ലാം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകള്‍ അല്‍പ സമയം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
നാളെ രാവിലെ 11 മണിക്ക് എന്‍ഡിഎ തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് പോസ്റ്ററിലുള്ളത്. എന്നാല്‍ ഈ വിവരങ്ങള്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നില്ലെങ്കിലും ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Story Highlights: More congress leaders will join BJP says BJP’s posters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here