‘മ്മ്ടെ മഞ്ഞുമ്മലെ പിള്ളേര് പൊളിയാട്ടാ’; റിയൽ മഞ്ഞുമ്മൽ ബോയ്സിനൊപ്പം സിനിമ കാണാനെത്തി സുനിൽകുമാർ

തെരഞ്ഞെടുപ്പ് പ്രചാരണതിരക്കിനിടയിൽ മഞ്ഞുമ്മൽ ബോയ്സിനൊപ്പം സിനിമ കാണാനെത്തി തൃശൂരിലെ ഇടത് സ്ഥാനാർഥി വിഎസ് സുനിൽകുമാർ. മഞ്ഞുമ്മൽ ബോയ്സ് മലയാളികളും തമിഴ്നാട്ടുകാരും ഏറ്റെടുത്തതിന്‍റെ കാരണം നമ്മളെല്ലാവരും മനുഷ്യസ്നേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്നത് തന്നെയാണെന്നും സുനിൽകുമാർ പറയുന്നു.
സൗഹൃദം സ്നേഹം എന്നൊക്കെ പറയുന്നതിന്‍റെ ഔന്നിത്യം എത്രമാത്രമുണ്ടെന്ന് കാണിക്കുന്ന സംഗതിയാണ് സുഭാഷിനെ രക്ഷിക്കാൻ വേണ്ടി സുഹൃത്തുക്കൾ നടത്തിയിട്ടുള്ള സാഹസികമായ പ്രവർത്തനമെന്ന് സുനിൽകുമാർ പറഞ്ഞു. സുനിൽ കുമാർ തന്നെയാണ് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചത്.
ബുധനാഴ്ച പ്രചാരണം കഴിഞ്ഞ് മഞ്ഞുമ്മലിലെ പിള്ളേർക്കുമൊപ്പമാണ് മുൻ മന്ത്രി കൂടിയായ സുനിൽകുമാർ സെക്കൻഡ് ഷോ കാണാനെത്തിയത്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ റിയൽ ലൈഫ് കഥാപാത്രങ്ങളെ സുനിൽകുമാർ ആദരിക്കുകയും ചെയ്തു.
മഞ്ഞുമ്മൽ ബോയ്സിന്‍റെ പ്രവർത്തനം മാത്രമല്ല, 2018ൽ പ്രളയമുണ്ടായപ്പോൾ, 2019ൽ പ്രളയമുണ്ടായപ്പോൾ, 2020ൽ കൊവിഡ് സംഭവിച്ചപ്പോഴൊക്കെ നാടിനെ രക്ഷിക്കാൻ വന്നത് കേരളത്തിലെ ചെറുപ്പക്കാർ തന്നെയായിരുന്നു. ആ പാരമ്പര്യം തന്നെയാണ് മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി നടത്തിയിട്ടുള്ള അതിസാഹസികമായ പ്രവർത്തനമെന്നും തിയേറ്ററിൽ നിന്ന് സുനിൽ കുമാർ പറഞ്ഞു.
സിനിമ കാണാനെത്തിയ മഞ്ഞുമ്മലിലെ എല്ലാവർക്കും ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങളെന്നും സുനിൽകുമാർ പറഞ്ഞു. ഇവർക്കൊപ്പം സിനിമ കാണുന്ന വിഡിയോയും സുനിൽകുമാർ പങ്കുവെച്ചിട്ടുണ്ട്. ‘മ്മ്ടെ മഞ്ഞുമ്മലെ പിള്ളേര് പൊളിയാട്ടാ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
Story Highlights: VS Sunilkumar About Manjummel Boys
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here