ടെലിഗ്രാം വഴി സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉൾപ്പടെ ഗ്രൂപ്പിൽ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്‌സൈറ്റ് കാട്ടി നിക്ഷേപം നടത്താൻ നിർദ്ദേശിക്കും. ( kerala police warns about financial fraud in telegram )
കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്.
തട്ടിപ്പിന്റെ രീതി ഇങ്ങനെ :
സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്‌ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.
തുടർന്ന് ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്‌ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു.
മുന്നറിയിപ്പുമായി കേരളാ പൊലീസ് :
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണമെന്ന് കേരളാ പൊലീസ് പറഞ്ഞു. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Story Highlights: kerala police warns about financial fraud in telegram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here