Advertisement

ലക്ഷ്യം പാരിസ് ഒളിമ്പിക്സ്; തിരിച്ചുവരവ് ​ഗംഭീരമാക്കി, മികച്ച ഫോമിൽ നോഹയും നയനയും

March 21, 2024
3 minutes Read
Sanil p Thomas writes on noah nirmal tom's and Nayana's olympics dreams

ടോക്കിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഫൈനൽ ബർത്ത് തലനാരിഴയ്ക്ക് നഷ്ടമായെങ്കിലും ഏഷ്യൻ റെക്കോർഡോടെയാണ് (3:00.25) ഇന്ത്യ ഹീറ്റ്സിൽ നാലാമതും ആകെക്കൂടി ഒൻപതാമതുമായി ഫിനിഷ് ചെയ്തത്. അതും പോളണ്ടും ജമൈക്കയും ബെൽജിയവും ഉൾപ്പെട്ട ഹീറ്റ്സിൽ മത്സരിച്ചിട്ടും. ടീമിലെ നാലു പേരിൽ മൂന്നും മലയാളികൾ. മുഹമ്മദ് അനസ് യഹിയ, നോഹ നിർമൽ ടോം, അമോജ് ജേക്കബ്. (Sanil p Thomas writes on noah nirmal tom’s and Nayana’s olympics dreams)

രണ്ടു വർഷത്തിനു ശേഷം ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇതേ ഇനത്തിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ ഹീറ്റ്സിൽ മത്സരിച്ചവർ ഉൾപ്പെടെ ടീമിൽ അഞ്ചു പേർ മലയാളികൾ. പക്ഷേ, അതിൽ നോഹ നിർമൽ ടോം ഇല്ലായിരുന്നു. നോഹ പരുക്കിൽ നിന്നു മോചിതനായിട്ടില്ലായിരുന്നു. ഭുവനേശ്വർ ഏഷ്യൻ അത്ലറ്റിക്സിൽ (20 17 )വനിതകളുടെ ലോങ് ജംപിൽ വെങ്കലം നേടിയ നയന ജെയിംസ് തൊട്ടടുത്ത വർഷം ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. പക്ഷേ, പോയ വർഷം ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ നയനയെ പിൻതള്ളി ,ഷൈലി സിങ്ങിനൊപ്പം ആൻസി സോജൻ ടീമിലെത്തുകയും വെള്ളി നേടുകയും ചെയ്തു. നയന ഫോം വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിൽ ആയിരുന്നു.

ഇപ്പോൾ ഇതാ ഇരുവരും ഫോം വീണ്ടെടുത്ത് ഉജ്വല തിരിച്ചുവരവ് നടത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് നടന്ന ഇന്ത്യൻ ഓപ്പൺ 400 മീറ്ററിൽ സ്വർണം നേടിയാണ് (46.40 സെ)നോഹ മടങ്ങിവരവ് അറിയിച്ചത്. മുഹമ്മദ് അനസ് യഹിയ വെള്ളിയും മുഹമ്മദ് അജ്മൽ വെങ്കലവും നേടി. ബെംഗളുരുവിൽ നടന്ന ഓപ്പൺ ജംപ്സി ലാണ് നയന തിളങ്ങിയത്. ജീവിതത്തിലെ ഏറ്റവും മികച്ച ദൂരം ചാടി ( 6.67 മീറ്റർ) നയന സ്വർണം നേടി.ഷൈലി സിങ് വെള്ളി കൊണ്ടു തൃപ്തിപ്പെട്ടു.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

ടോക്കിയോ ഒളിംപിക്സിനു ശേഷം 45.8 സെ .സമയം കുറിച്ച് ഫോമിൽ തുടരുമ്പോഴാണ് നോഹ നിർമൽ ടോം പരുക്കിൻ്റെ പിടിയിൽ ആയത്.കോമൺവെൽത്ത് ഗെയിംസും ലോക ചാംപ്യൻഷിപ്പും നഷ്ടപ്പെട്ടു.2023 ൽ ചണ്ഡീഗഡ് ഗ്രാൻ പ്രീയിൽ വെള്ളി നേടിയെങ്കിലും വീണ്ടും പരുക്കേറ്റു.കഴിഞ്ഞ സെപ്റ്റംബറിൽ സർവീസസ് മീറ്റിൽ 45.99 സെക്കൻഡിൽ ഒരു ലാപ് ഓടി ഫോം അറിയിച്ചു. അതിനു ശേഷം ഇപ്പോഴാണ് മത്സര രംഗത്ത് സജീവമായത്. ആത്മവിശ്വാസം പ്രദാനം ചെയ്ത പ്രകടനം. കോഴിക്കോട് പുഴിത്തോട് ടോമിച്ചൻ്റെയും ആലീസിലിയുടെയും പുത്രൻ നോഹ സർവീസസിൽ ആണ്. ഭാര്യ റൂത്ത് .ഈ ഇരുപത്തൊൻപതുകാരന് പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം കിട്ടുമെന്നു പ്രതീക്ഷിക്കാം.

കോഴിക്കോട് ചാക്കിട്ടുപാറ മാളിയേക്കൽ എം.സി.ജെയിംസിൻ്റെയും ജെസിയുടെ യും പുത്രി നയന എന്ന ഇരുപത്തെട്ടുകാരിയുടെയും ലക്ഷ്യം പാരിസ് ഒളിംപിക്സ് തന്നെ. ക്രിക്കറ്റ് താരം കെവിൻ പീറ്റർ ഓസ്കർ ആണ് ഭർത്താവ്. നോഹയുടെയും നയനയുടെയും തിരിച്ചുവരവിൽ സമാനതകൾ ഏറെയാണ്. പിന്നിൽ നിന്നവർ പലരും മുന്നിൽ എത്തിയിട്ടും, അവസരങ്ങൾ ഏറെ നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസം കൈവിടാതെ ഇരുവരും പരിശീലനം തുടർന്നു.പാരിസ് ലക്ഷ്യമിട്ടുള്ള കുതിപ്പിൽ കൂടുതൽ മികവ് കൈവരിക്കാൻ കഴിയട്ടെ. ഭാഗ്യം തുണയ്ക്കട്ടെ.

Story Highlights : Sanil p Thomas writes on noah nirmal tom’s and Nayana’s olympics dreams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top