നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി.ജി മനുവിന് ജാമ്യം

നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയാണ് ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.
മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കൾക്ക് ഒപ്പമെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നാണു പരാതി. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണു കഴിഞ്ഞ ഒക്ടോബറിൽ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാൻ എത്തിയത്. കഴിഞ്ഞ നവംബർ 29നു ചോറ്റാനിക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്. ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.
Story Highlights : Ex-Government Pleader PG Manu Granted Conditional Bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here