കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല, ഇപ്പോഴും പ്രവർത്തനക്ഷമം: ബിജെപി

കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും അറ്റാച്ച് ചെയ്തത് മാത്രമാണെന്നും വാദിച്ച് ബിജെപി. നികുതി അടക്കാതിരുന്നതിനുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും എന്നാൽ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസ് നേതാക്കളെന്നും ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര പറഞ്ഞു. കോൺഗ്രസിന് നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇതിൽ മൂന്നോ നാലോ എണ്ണത്തിനെതിരെ മാത്രമാണ് നടപടി എടുത്തതെന്നും അത് തന്നെ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും പറഞ്ഞു. മാധ്യമ വാർത്തകൾ പരാമർശിച്ചായിരുന്നു സമ്പിത് പത്രയുടെ പ്രതികരണം.
മരവിപ്പിച്ചെന്ന് കോൺഗ്രസ് പറയുന്ന ബാങ്ക് അക്കൗണ്ടുകളിൽ ഇപ്പോഴും പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കും. എന്നാൽ നികുതി കുടിശികയെ തുടർന്ന് നികുതി വകുപ്പ് അറ്റാച്ച് ചെയ്ത 125 കോടി രൂപ പിൻവലിക്കാൻ കഴിയില്ലെന്നും സമ്പിത് പത്ര ചൂണ്ടിക്കാട്ടി. വിവിധ അക്കൗണ്ടുകളിലായി കോൺഗ്രസിന് ഇപ്പോഴും ആയിരം കോടി നിക്ഷേപമുണ്ട്. സ്വന്തം പാർടി ഭരണഘടന ലംഘിച്ച് വ്യത്യസ്ത പാൻ നമ്പറുകളിലായി നിരവധി ബാങ്ക് അക്കൗണ്ടുകൾ കോൺഗ്രസ് തുടങ്ങി. കോൺഗ്രസിന് 500 കോടിയുടെ സ്ഥിരനിക്ഷേപവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോലും പാർട്ടിയുടെ പക്കൽ കാശില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ അദ്ദേഹം നിശിതമായി വിമർശിച്ചു. എല്ലാ ദിവസവും ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഈ പ്രസ്താവന നടത്തുന്നതെന്നായിരുന്നു വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട് രാഹുൽ ഗാന്ധി മുൻകൂർ ജാമ്യമെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്താനായി പ്രവർത്തിക്കുന്നവരെ അഴിമതി തടയാൻ ശ്രമിക്കുന്നവർ പിടികൂടുക തന്നെ ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസിനെതിരായ കേന്ദ്ര ഏജൻസികളുടെ നടപടികളെ ന്യായീകരിച്ചു. ഇത്തരം വാദങ്ങൾ ഉപേക്ഷിച്ച് കോൺഗ്രസ് നേതാക്കൾ വികസനത്തെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights :Congress bank account has not been frozen; it is functioning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here