Advertisement

ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

March 25, 2024
2 minutes Read
elephant mangalamkunnu ayyappan dies

ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. മാസങ്ങളായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായ, ആനപ്രേമികളുടെ അഭിമാനമായിരുന്ന ആനയാണ് ചരിഞ്ഞത്. പാലക്കാട് മംഗലാംകുന്ന് ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് മംഗലാംകുന്ന് അയ്യപ്പന്‍. (elephant mangalamkunnu ayyappan dies)

18 ആനകള്‍ വരെയുണ്ടായിരുന്ന പ്രശസ്തനായ ആനത്തറവാട്ടിലെ അതിപ്രശസ്തനായ ആനയാണ് മംഗലാംകുന്ന് അയ്യപ്പന്‍. നിരവധി തവണ തൃശൂര്‍ പൂരമുള്‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ ഭാഗമാകാനും ഈ കൊമ്പന് സാധിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി ആരാധകരെ സ്വന്തമാക്കാനും ഈ ആനയ്ക്ക് സാധിച്ചു.

നിരവധി സിനിമകളില്‍ തന്റെ അഴക് കാട്ടിയിട്ടുള്ള കൊമ്പനാണ് മംഗലാംകുന്ന് അയ്യപ്പന്‍. തമിഴില്‍ രജനികാന്ത് നായകനായ ‘മുത്തു’, ശരത്കുമാര്‍ നായകനായ ‘നാട്ടാമെ’ എന്നീ ചിത്രങ്ങളില്‍ മംഗലാംകുന്ന് അയ്യപ്പന്‍ തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ജയറാം നായകനായ ‘ആനച്ചന്തം’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിലും ഭാഗമായി . 305 സെന്റീമീറ്റര്‍ ആണ് അയ്യപ്പന്റെ ഉയരം. വിരിഞ്ഞ് ഉയര്‍ന്ന തലക്കുന്നി, ഭംഗിയുള്ള കൊമ്പുകള്‍, നീളമുള്ള തുമ്പിക്കൈ തുടങ്ങിയവ കൊമ്പന്റെ പ്രത്യേകതകളാണ്. 1992ല്‍ ബിഹാറിലെ സോണ്‍പൂര്‍ മേളയില്‍ നിന്നാണ് മംഗലാംകുന്ന് സഹോദരന്മാര്‍ അയ്യപ്പനെ സ്വന്തമാക്കിയത്.

അന്ന് കൊമ്പന്റെ പ്രായം 25ല്‍ താഴെയായിരുന്നു.തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് വേണ്ടി തിടമ്പേറ്റിയതോടെയാണ് അയ്യപ്പന്‍ ആനപ്രേമികള്‍ക്കും പൂരപ്രേമികള്‍ക്കും പ്രിയങ്കരനായത്. കേരളത്തിലുടനീളം മംഗലാംകുന്ന് അയ്യപ്പന് ആരാധകര്‍ ഏറെയാണ്. പ്രിയ കൊമ്പന്റെ വിയോഗമറിഞ്ഞതോടെ നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ അയ്യപ്പന്റെ ഓര്‍മകള്‍ കുറിക്കുന്നത്.
ചെറായിയില്‍ നടന്ന തലപ്പൊക്ക മത്സരത്തില്‍ ജേതാവായിട്ടുണ്ട്.

Story Highlights : elephant mangalamkunnu ayyappan dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top