Advertisement

ലോക്‌സഭാ ഇലക്ഷൻ 2024: കങ്കണ റണാവത്ത് മണ്ഡിയിൽ മത്സരിക്കും

March 25, 2024
2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ അഞ്ചാം ഘട്ട പട്ടികയിൽ അപ്രതീക്ഷിത സ്ഥാനം നേടിയത് സിനിമാ താരം കങ്കണാ റണാവത്താണ്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിലാണ് താരം മത്സരിക്കുന്നത്. മണ്ഡിയിലെ ഒരു ചെറിയ നഗരത്തിലാണ് കങ്കണ ജനിച്ചത്. അതിനാൽത്തന്നെ മണ്ഡലത്തിന് ലഭിക്കാവുന്നതിൽവെച്ച് മികച്ച സ്ഥാനാർഥിയാണ് കങ്കണ എന്നാണ് പാർട്ടിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് കങ്കണതന്നെ നിരവധി തവണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീ പ്രവേശനത്തേക്കുറിച്ച് രണ്ടു വർഷത്തിലേറെയായി കങ്കണ സൂചനകൾ നൽകുന്നുണ്ടായിരുന്നു. (Kangana Ranaut will contest the Lok Sabha Elections 2024 from Mandi seat)

കങ്കണയുടെ 37ാം പിറന്നാളിന് തൊട്ടുപിന്നാലെയാണ് സ്ഥാനാർഥി പ്രഖ്യാപനം. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇവർ ഹിമാചലിലുണ്ടായിരുന്നു. കുറച്ചു വർഷങ്ങളായി ബിജെപിയ്ക്കൊപ്പമാണ് കങ്കണ. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിക്കുവേണ്ടി വളരെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്ന കങ്കണ ഏറെ വിമശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലുടനീളം കങ്കണ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റർ തുടങ്ങി ബിജെപിയുടെ എല്ലാ നയങ്ങളെയും പദ്ധതികളെയും കണ്ണുംപൂട്ടി പിന്തുണയ്ക്കുന്ന കങ്കണ പാർട്ടിക്കും അണികൾക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കങ്കണയുടെ മുതുമുത്തച്ഛൻ സർജു സിങ് റണാവത്ത് ഗോപാൽപുരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു. കോൺഗ്രസിനെ പിന്തുണച്ചിരുന്ന കുടുംബം കങ്കണ കാരണം ബിജെപിയിലായി എന്ന് കങ്കണയുടെ അമ്മ ആശാ റണാവത്ത് ഒരിക്കൽ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മണ്ഡിയിൽ മത്സരിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് കങ്കണ എക്സിൽ കുറിച്ചു.

ബിജെപിയ്ക്കും കോൺഗ്രസിനും തുല്യ ശക്തിയുള്ള മണ്ഡലമാണ് മണ്ഡി. 2009 മുതൽ 2021 വരെ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളും രണ്ട് ഉപതെരഞ്ഞെടുപ്പുകളും മണ്ഡിയിൽ നടന്നിട്ടുണ്ട്. 2009ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വീർഭദ്ര സിങ്ങും 2013ലും 2021ലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഭാ സിങ്ങും മണ്ഡി മണ്ഡലത്തിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് പാർലമെൻ്റിൽ എത്തി. എന്നാൽ 2014, 2019 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ റാം സ്വരൂപ് ശർമ വിജയിയായി. അദ്ദേഹത്തിൻ്റെ മരണത്തേത്തുടർന്ന് 2021ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസിൻ്റെ സ്ഥാനാർഥി വിജയിച്ചത്.

കാങ്റ, മണ്ഡി, ഹമിർപുർ, ഷിംല എന്നിങ്ങനെ നാല് ലോക്സഭാ മണ്ഡലങ്ങളാണ് ഹിമാചൽ പ്രദേശിലുള്ളത്. നിലവിൽ മണ്ഡി ഒഴികെ മൂന്ന് സീറ്റുകളും ബിജെപിയ്ക്കാണ്. വീർഭദ്ര സിങ്ങിൻ്റെ ഭാര്യ കൂടിയായ മണ്ഡി സിറ്റിങ് എംപി പ്രതിഭാ സിങ് മത്സരിക്കാനില്ലെന്ന് ദിവസങ്ങൾക്കുമുമ്പേ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. വലിയ ഭൂരിപക്ഷം നേടി കോൺഗ്രസിൽ നിന്നും മണ്ഡി മണ്ഡലം തിരിച്ചുപിടിക്കാൻ കങ്കണയ്ക്ക് കഴിയുമെന്നാണ് ബിജെപി അണികളുടെയും നേതാക്കളുടെയും വിശ്വാസം.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top