‘ആടുജീവിതത്തിനായി എടുത്തത് 16 വർഷം, അവിശ്വസനീയം’; പൃഥ്വി എല്ലാവര്ക്കും പ്രചോദനമെന്ന് അക്ഷയ് കുമാര്‍

തന്നെക്കാള്‍ മികച്ച നടനാണ് പൃഥ്വിരാജെന്ന് നടൻ അക്ഷയ് കുമാര്‍. തന്റെ മകന് പൃഥ്വിരാജിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആടുജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.
പൃഥ്വിരാജിനെ അഭിനന്ദിക്കുകയും സിനിമയുടെ വിജയത്തിനായി ആശംസിക്കുകയും ചെയ്തു. ആടുജീവിതത്തിനായി മൂന്നു വര്‍ഷത്തോളം പൃഥ്വിരാജ് പ്രയത്നിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മൂന്നല്ല 16 വര്‍ഷമെടുത്താണ് സിനിമ സാധ്യമായതെന്ന് പൃഥ്വിരാജ് അക്ഷയ്കുമാറിനെ തിരുത്തി. പതിനാറ് വര്‍ഷം എന്തുചെയ്യുകയായിരുന്നുവെന്ന് അക്ഷയ് അത്ഭുതത്തോടെ ചോദിച്ചു.
ഇത് തീര്‍ത്തും അവിശ്വസനീയമാണ്. എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ല ഒരു പക്ഷേ നിങ്ങള്‍ക്കും. ഇന്ത്യയില്‍ തന്നെ ഈ ഒരു നടന് അല്ലാതെ മറ്റാര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. തീര്‍ച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ആടുജീവിതം. പൃഥ്വി എല്ലാവര്ക്കും പ്രചോദനമാണെന്നും അക്ഷയ് കുമാർ പറഞ്ഞു.
ബഡേ മിയാന്‍ ഛോട്ടേ മിയാനില്‍ പൃഥ്വിരാജിന് ഞങ്ങളേക്കാള്‍ ഡയലോഗുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത് രസകരമായിരുന്നു. പൃഥ്വിരാജില്‍ നിന്ന് പല കാര്യങ്ങളും പഠിച്ചു. അദ്ദേഹം എന്നെ ആടുജീവിതത്തിന്റെ ട്രെയിലര്‍ കാണിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് എന്ത് വിഡിയോ പുറത്തു വന്നാലും അത് തന്നെ കാണിക്കണമെന്ന് പൃഥ്വിയോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു.
Story Highlights : Akshay Kumar Praises Prithviraj on Goat Life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here