കെജ്രിവാൾ അകത്തേക്ക്, സഞ്ജയ് സിങ് പുറത്തേക്ക്; ആറു മാസത്തിന് ശേഷം മദ്യനയക്കേസിൽ ആംആദ്മി നേതാവിന് ജാമ്യം

മദ്യനയക്കേസിൽ അറസ്റ്റിലായി ആറ് മാസത്തിന് ശേഷം രാജ്യസഭാ എംപിയും എഎപി നേതാവുമായ സഞ്ജയ് സിങ്ങിന് സുപ്രീം കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. സിങ്ങിന് ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ് ഡയറക്ടറേറ്റ് അറിയിച്ചതിനേത്തുടർന്നാണ് ജാമ്യം ലഭിച്ചത്. മാർച്ച് 21ന് ഇതേ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതിനെ അദ്ദേഹം തിഹാർ ജയിലിൽ കഴിയുകയാണ്.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് 2023 ഒക്ടോബർ 4ന് ആണ് സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് വിജയ് നായർക്കും പിന്നാലെ, കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ എഎപി നേതാവായിരുന്നു അദ്ദേഹം. കേസിലെ പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ വ്യവസായി ദിനേശ് അറോറ സഞ്ജയ് സിങ്ങിന് രണ്ട് കോടി രൂപ പണമായി നൽകിയതായി ഇഡി നേരത്തെ ആരോപിച്ചിരുന്നു. ചില ബിസിനസുകാർക്ക് അനുകൂലമായി മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് സിസോദിയ മുഖേന സഞ്ജയ് സിങ് പ്രവർത്തിച്ചതായും ഇഡി ആരോപിച്ചിരുന്നു. എന്നാൽ അറോറയുടെ മൊഴിയിൽ സഞ്ജയ് സിങ്ങിൻ്റെ പേര് പരാമർശിച്ചിരുന്നില്ല.
Read Also: ‘ഫോൺ വിവരങ്ങൾ BJPക്ക് ഇഡി ചോർത്തി നൽകാൻ ശ്രമിക്കുന്നു’; കെജ്‌രിവാളിനുവേണ്ടി പ്രചാരണം ആരംഭിച്ച് AAP
ഇതിനിടെ ഡൽഹിയിൽ ആംആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി വീണ്ടും ഓപ്പറേഷൻ താമര ആരംഭിച്ചതായി ഡൽഹി മന്ത്രി അതിഷി ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെയും മന്ത്രി സൗരഭ് ഭരദ്വാജിനെയും ദുർഗേഷ് പഥക്കിനെയും, രാഘവ് ചദ്ധയെയും ജയിലിൽ അടയ്ക്കാനാണ് ബിജെപിയുടെ പദ്ധതി എന്നും അതിഷി പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് ബിജെപി ഡൽഹി നേതൃത്വം രംഗത്തെത്തി. ഇതിനിടെ മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിൻ്റെ ഫോണിലെ വിവരങ്ങൾ ശേഖരിക്കുന്നതിന് ഇഡി നീക്കം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Sanjay Singh, AAP leader and Rajya Sabha MP, was granted bail by the Supreme Court on Tuesday, after the ED’s statement that they had no objections to his release.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here